മയക്കുമരുന്ന് കൈവശം വച്ചെന്ന കുറ്റത്തിന് അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരത്തിന് ഒമ്പത് വര്‍ഷം തടവുശിക്ഷ വിധിച്ച് റഷ്യ ; വിധി സ്വീകാര്യമല്ലെന്ന് ജോ ബൈഡന്‍ ; യുഎസ് താരത്തിനെതിരായ റഷ്യന്‍ നിലപാടില്‍ അതൃപ്തി അറിയിച്ച് രാജ്യം

മയക്കുമരുന്ന് കൈവശം വച്ചെന്ന കുറ്റത്തിന് അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരത്തിന് ഒമ്പത് വര്‍ഷം തടവുശിക്ഷ വിധിച്ച് റഷ്യ ; വിധി സ്വീകാര്യമല്ലെന്ന് ജോ ബൈഡന്‍ ; യുഎസ് താരത്തിനെതിരായ റഷ്യന്‍ നിലപാടില്‍ അതൃപ്തി അറിയിച്ച് രാജ്യം

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരത്തിന് ഒമ്പത് വര്‍ഷം തടവുശിക്ഷ വിധിച്ച് റഷ്യ. 31കാരിയായ ബ്രിട്ട്‌നി ഗ്രൈനര്‍ക്കാണ് റഷ്യ ശിക്ഷ വിധിച്ചത്. മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിനാണ് ഒമ്പത് വര്‍ഷം തടവുശിക്ഷയും ഒരു മില്യണ്‍ റഷ്യന്‍ റൂബിള്‍ (16,7000 ഡോളര്‍) പിഴയും വിധിച്ചത്. വിചാരണ പൂര്‍ത്തിയായ ശേഷം വ്യാഴാഴ്ചയായിരുന്നു കോടതിവിധി പുറപ്പെടുവിച്ചത്.


ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യയിലെ യെകാറ്ററിന്‍ബര്‍ഗില്‍ ബാസ്‌കറ്റ് ബോള്‍ മത്സരം കളിക്കുന്നതിനായി മോസ്‌കോയിലേക്ക് വിമാനം കയറിയ ബ്രിട്ട്‌നി ഗ്രൈനര്‍ മയക്കുമരുന്ന് കൈവശം വെച്ചുവെന്നായിരുന്നു കേസ്.കഞ്ചാവിന്റെ എണ്ണയോട് കൂടിയുള്ള വേപ്പ് കാട്രിഡ്ജുകളായിരുന്നു ഗ്രൈനര്‍ റഷ്യയിലേക്കുളള യാത്രയില്‍ കൈവശം വെച്ചത്.

എന്നാല്‍ റഷ്യന്‍ നിയമങ്ങള്‍ ലംഘിക്കുക എന്ന ഉദ്ദേശം തനിക്കില്ലായിരുന്നുവെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും വികാരനിര്‍ഭരയായ ഗ്രൈനര്‍ കോടതിയോട് അപേക്ഷിച്ചു.

'എന്റെ ടീമംഗങ്ങളോടും ക്ലബ്ബിനോടും ആരാധകരോടും യെകാറ്ററിന്‍ബര്‍ഗ് നഗരത്തോടും ഞാന്‍ ചെയ്ത തെറ്റിന്റെ പേരിലും അത് അവര്‍ക്ക് വരുത്തിയ നാണക്കേടിന്റെ പേരിലും മാപ്പ് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ മാതാപിതാക്കളോടും സഹോദരങ്ങളോടും യു.എസിലെ ഫീനിക്‌സ് മെര്‍ക്കുറി സംഘടനയോടും എന്റെ ജീവിതപങ്കാളിയോടും ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' വിധി കേട്ട ശേഷം ഗ്രൈനര്‍ പറഞ്ഞു.

രണ്ട് തവണ ഒളിംപിക് ചാമ്പ്യനായ ബ്രിട്ട്‌നി ഗ്രൈനര്‍ യു.എസിന്റെ മികച്ച കായിക താരങ്ങളിലൊരാളാണ്.

അതേസമയം, യു.എസ് താരത്തിനെതിരായ റഷ്യന്‍ കോടതിയുടെ വിധി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തള്ളി. വിധി സ്വീകാര്യമല്ല എന്നായിരുന്നു ബൈഡന്റെ പ്രതികരണം.

'അവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ഞാന്‍ റഷ്യയോട് ആവശ്യപ്പെടുന്നു. അവര്‍ക്ക് അവരുടെ പങ്കാളിക്കും പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കും ടീമംഗങ്ങള്‍ക്കുമൊപ്പം കഴിയാന്‍ അവസരമൊരുങ്ങട്ടെ,' ബൈഡന്‍ പ്രതികരിച്ചു.ബ്രിട്ട്‌നി ഗ്രൈനറെയും ഒപ്പം ചാരവൃത്തി ആരോപിക്കപ്പെട്ട് റഷ്യയില്‍ തടവില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്‍ പോള്‍ വീലനെയും യു.എസിലേക്ക് തിരികെ കൊണ്ടുവരാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും യു.എസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.



Other News in this category



4malayalees Recommends