'ജനാധിപത്യം കൊലചെയ്യപ്പെടുന്നു, എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു'; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

'ജനാധിപത്യം കൊലചെയ്യപ്പെടുന്നു, എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു'; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

രാജ്യത്ത് ജനാധിപത്യം ദിനംപ്രതി കൊലചെയ്യപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.ജനശബ്ദം ഉയരാന്‍ അനുവദിക്കുന്നില്ല. എതിര്‍പ്പുകള്‍ ഉന്നയിക്കുന്നവരെ അന്വേഷണ ഏജന്‍സികളിലൂടെ സമ്മര്‍ദ്ദത്തിലാക്കുകയും കേസുകളില്‍ കുടുക്കി ജയിലിലിടുകയുമാണെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഏകാധിപത്യത്തെക്കുറിച്ച് എന്താണ് പറയാന്‍ ഉള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. എത്രത്തോളം താന്‍ സത്യം പറയുന്നോ അത്രത്തോളം തന്നെ ആക്രമിക്കുകയാണ്. കള്ളം മാത്രമാണ് സര്‍ക്കാര്‍ പറയുന്നത്. രാജ്യത്ത് വലിയ വിലക്കയറ്റമാണ് തുടരുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, ചൈനയുടെ കടന്നുകയറ്റം എന്നിങ്ങനെയുള്ള പല വിഷയങ്ങളില്‍ താന്‍ പറയുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രകോപിതരാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില ബിസിനസുകാര്‍ക്ക് വേണ്ടി മാത്രമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍എസ്എസ് നിയന്ത്രണത്തിലാണ്. എല്ലായിടത്തും അവരുടെ ആളുകളെ നിയമിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് ജന്തര്‍ മന്തര്‍ ഒഴികെ ഡല്‍ഹിയിലെ എല്ലാ സ്ഥലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചവെന്നും ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എഐസിസി ആസ്ഥാനത്തിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. എഐസിസി ആസ്ഥാനം പൊലീസും കേന്ദ്ര സേനകളും വളയുകയും പ്രവര്‍ത്തകരോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Other News in this category



4malayalees Recommends