ഖത്തറില്‍ നിന്നും മടങ്ങി കാണാതായ കോഴിക്കോട് സ്വദേശി നാട്ടിലെത്തി ; ഇഷ്ടപ്രകാരം ബാംഗ്ലൂരിലേക്ക് പോയതെന്ന് റിജേഷ്

ഖത്തറില്‍ നിന്നും മടങ്ങി കാണാതായ കോഴിക്കോട് സ്വദേശി നാട്ടിലെത്തി ; ഇഷ്ടപ്രകാരം ബാംഗ്ലൂരിലേക്ക് പോയതെന്ന് റിജേഷ്
ഒന്നരമാസമായി കാണാമറയത്ത് കഴിഞ്ഞ കോഴിക്കോട് വളയം സ്വദേശി ഒടുവില്‍ നാട്ടിലെത്തി. ഖത്തറില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ ശേഷം കാണാതായെന്ന് പരാതി ഉയര്‍ന്ന വളയം സ്വദേശി റിജേഷ് (35) ആണ് തിരിച്ചെത്തിയത്.

പോലീസ് അന്വേഷിക്കുന്നതിനിടെ നാദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ റിജേഷ്, സ്വന്തം ഇഷ്ടപ്രകാരം ബംഗളൂരുവില്‍ പോയതാണെന്ന് പറഞ്ഞു. റിജേഷിനെ സ്വര്‍ണക്കടത്തുകാര്‍ തട്ടിക്കൊണ്ടുപോയതാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഖത്തറില്‍ നിന്നും നാട്ടിലേക്ക് തിരിച്ച റിജേഷ് ഒന്നരമാസമായി വീട്ടിലെത്തിയിരുന്നില്ല. റിജേഷിനെ പറ്റി ഒരു വിവരവുമില്ലെന്ന് കാണിച്ച് സഹോദരന്‍ രാജേഷ് വളയം പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ വീട്ടിലേക്ക് ചില ഭീഷണി ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നും പലരും അന്വേഷിച്ച് വരുന്നെന്നുമായിരുന്നു സഹോദരന്റെ പരാതി.

സഹോദരന്‍ രാജേഷിന്റെ പരാതിയില്‍ വളയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് റിജേഷ് ഖത്തറില്‍ ജോലിക്കായി പോയത്. കഴിഞ്ഞ ജൂണ്‍ പത്തിന് ഇയാള്‍ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. അന്നാണ്. ജൂണ്‍ 16ന് കണ്ണൂര്‍ വിമാനത്താവളംവഴി നാട്ടില്‍ എത്തുമെന്ന് റിജേഷ് പറഞ്ഞത്.

പിന്നീട് ഒരു വിവരവും ലഭിച്ചില്ല. ചിലര്‍ റിജേഷിനെ അന്വേഷിച്ച് വീട്ടുപരിസരത്തേക്ക് എത്താന്‍ തുടങ്ങിയതോടെയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

Other News in this category



4malayalees Recommends