റമ്മി കളിച്ചു കിട്ടിയ രണ്ടു കോടി പോയി ; 55 ലക്ഷത്തിന്റെ സ്വര്‍ണ്ണ കവര്‍ച്ചയില്‍ പൊലീസ് പിടിച്ചപ്പോള്‍ റമ്മി കളിച്ചു കിട്ടുന്ന പണം തരാമെന്ന് വാഗ്ദാനം !!

റമ്മി കളിച്ചു കിട്ടിയ രണ്ടു കോടി പോയി ; 55 ലക്ഷത്തിന്റെ സ്വര്‍ണ്ണ കവര്‍ച്ചയില്‍ പൊലീസ് പിടിച്ചപ്പോള്‍ റമ്മി കളിച്ചു കിട്ടുന്ന പണം തരാമെന്ന് വാഗ്ദാനം !!
ഓണ്‍ലൈന്‍ റമ്മികളിക്കാനായി ജോലി ചെയ്തിരുന്ന ജ്വല്ലറിയില്‍ നിന്ന് 55 ലക്ഷം രൂപ വരുന്ന 1.467 കിലോഗ്രാം സ്വര്‍ണം കവര്‍ന്ന സൂപ്പര്‍വൈസര്‍ പിടിയില്‍. കോയമ്പത്തൂര്‍ സലിവന്‍വീഥിയിലെ ജ്വല്ലറിയിലെ സൂപ്പര്‍വൈസര്‍ വീര കേരളം സ്വദേശി ജഗദീഷ് (34) ആണ് തട്ടിപ്പ് നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്.ജ്വല്ലറിയിലെത്തുന്ന സ്വര്‍ണം ആഭരണങ്ങളാക്കി തിരികെ എത്തിക്കുന്നതും ആഭരണങ്ങളില്‍ മുദ്രവെക്കുന്നതും ജഗദീഷിന്റെ ചുമതലയാണ്. കഴിഞ്ഞ ദിവസം മാനേജര്‍ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ സ്വര്‍ണത്തിന്റെ കണക്കെടുത്തപ്പോഴാണ് ഒന്നരക്കിലോയോളം കുറവ് കണ്ടെത്തിയത്. പിന്നീട് നടന്ന പരിശോധനയിലാണ് സ്വര്‍ണം 37 ലക്ഷം രൂപയ്ക്ക് വിറ്റഴിച്ചതായി കണ്ടെത്തിയത്.

സ്വര്‍ണം മുഴുവന്‍ ഓണ്‍ലൈന്‍ റമ്മികളിച്ച് നഷ്ടപ്പെടുത്തിയതായി ജഗദീഷ് പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കുറച്ചു മാസങ്ങളായി ഇയാള്‍ ഡ്യൂപ്ലിക്കേറ്റ് ബില്ലുകള്‍ തയ്യാറാക്കുന്നതായും കമ്പ്യൂട്ടര്‍ കണക്കുകളില്‍ തിരിമറി നടത്തിയതായും പൊലീസ് കണ്ടെത്തി. വര്‍ഷങ്ങളായി ഓണ്‍ലൈന്‍ റമ്മിക്ക് അടിമയായ ജഗദീഷ് ജ്വല്ലറിയിലെത്തിയാല്‍ മുഴുവന്‍ സമയവും കമ്പ്യൂട്ടറില്‍ റമ്മി കളിച്ചിരുന്നു. റമ്മികളിച്ച് രണ്ട് കോടിവരെ നേടിയതോടെ ജഗദീഷ് ഇത് സ്ഥിരമാക്കി.

കളിച്ചു നേടിയ പണം നഷ്ടപ്പെടുത്തിയതിന് പുറമെ മാസശമ്പളവും റമ്മി കളിക്കാന്‍ ജഗദീഷ് ഉപയോഗിച്ചു. കൈയില്‍ പണമില്ലാത്ത ദിവസങ്ങളില്‍ ജ്വല്ലറിയില്‍ നിന്ന് ഓരോ പവന്‍ സ്വര്‍ണമെടുത്ത് ഇരുപതിനായിരം രൂപക്ക് വിറ്റഴിച്ചായിരുന്നു റമ്മി കളി. ഇയാളുടെ ഫോണില്‍ നിന്ന് റമ്മിയില്‍ നിന്നുള്ള വരുമാനവും നഷ്ടങ്ങളും കാണിക്കുന്ന കണക്ക് കണ്ടെത്തിയിട്ടുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നഷ്ടപ്പെട്ട പണം റമ്മികളിച്ച് തിരിച്ച് നല്‍കാമെന്നും റമ്മി കളിക്കാന്‍ അനുവദിക്കണമെന്നും ജഗദീഷ് പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. റമ്മികളിയില്‍ ലാഭവും നഷ്ടവും സ്വഭാവികമാണെന്നും ഇയാള്‍ ചോദ്യം ചെയ്യലിനിടയില്‍ പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Other News in this category



4malayalees Recommends