'ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും'; മഹാരാജാസിലെ എസ്എഫ്‌ഐ ബാനറിന് മറുപടിയുമായി കെഎസ്‌യു രംഗത്ത്

'ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും'; മഹാരാജാസിലെ എസ്എഫ്‌ഐ ബാനറിന് മറുപടിയുമായി കെഎസ്‌യു രംഗത്ത്
മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനറിന് മറുപടി ബാനര്‍ ഉയര്‍ത്തി കെഎസ്‌യു. 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്ന എസ്എഫ്‌ഐ ബാനറിനാണ് പകരം ബാനര്‍ കെഎസ്‌യു ഉയര്‍ത്തിയത്. എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്നെഴുതിയ ബാനര്‍ എസ്എഫ് ഐ ഉയര്‍ത്തിയത്. 'ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും' എന്നെഴുതിയ ബാനറാണ് കെഎസ്‌യു ഉയര്‍ത്തിയത്.

തിരുവനന്തപുരം ലോ കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകയെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ആവശ്യം ഉന്നയിച്ചത്. ശൂന്യവേളയിലായിരുന്നു ഹൈബിയുടെ ചോദ്യം. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിനോടായിരുന്നു ഹൈബിയുടെ ചോദ്യം. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. അത് കൊണ്ട് തന്നെ ഹൈബിയുടെ ആവശ്യം കേരള ചീഫ് സെക്രട്ടറിക്ക് കൈമാറി. ചീഫ് സെക്രട്ടറിയോടും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാന്‍ നിര്‍ദേശിച്ചതായും നിയമമന്ത്രി അറിയിച്ചു. മാര്‍ച്ച് മാസത്തിലാണ് ലോ കോളേജില്‍ സംഘര്‍ഷം നടന്നത്. കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് സഫ്‌നക്ക് മര്‍ദ്ദനമേല്‍ക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇത് ചര്‍ച്ചയുമായിരുന്നു.

Other News in this category4malayalees Recommends