ഓസ്‌ട്രേലിയയില്‍ കോഴിമുട്ടകള്‍ക്കു ക്ഷാമം ; സൂപ്പര്‍മാര്‍ക്കറ്റുകള്‍ പരിധി ഏര്‍പ്പെടുത്തി ; കാരണം കോവിഡ് പ്രതിസനന്ധിയും ശൈത്യവും

ഓസ്‌ട്രേലിയയില്‍ കോഴിമുട്ടകള്‍ക്കു ക്ഷാമം ; സൂപ്പര്‍മാര്‍ക്കറ്റുകള്‍ പരിധി ഏര്‍പ്പെടുത്തി ; കാരണം കോവിഡ് പ്രതിസനന്ധിയും ശൈത്യവും
പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളിലെ മുട്ട ഷെല്‍ഫുകള്‍ പലതും ഒഴിഞ്ഞ് കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കോള്‍സ് കോഴിമുട്ടകള്‍ വാങ്ങുന്നതിന് പരിധി ഏര്‍പ്പെടുത്തി. ഒരാള്‍ക്ക് രണ്ട് കാര്‍ട്ടണ്‍ മാത്രമാണ് കോള്‍സില്‍ വാങ്ങാന്‍ സാധിക്കുക.

മറ്റൊരു സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ വൂള്‍വര്‍ത്ത്‌സും മുട്ടകളുടെ ലഭ്യതയില്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് വ്യക്തമാക്കി. നിലവില്‍ നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അറിയിച്ച വൂള്‍വര്‍ത്ത്‌സ് വിതരണക്കാരുമായി ചേര്‍ന്ന് ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കോഴിമുട്ട ക്ഷാമം റസ്റ്ററന്റ് വ്യവസായത്തെ ബാധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചില കഫേകള്‍ പ്രഭാത ഭക്ഷണത്തിലും മുട്ടയുടെ മെനു മാറ്റുകയാണ്.

കൊവിഡിനെ തുടര്‍ന്നുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഉല്‍പ്പാദനം കുറക്കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. റസ്റ്റോറന്റുകളും കഫേകളും അടഞ്ഞ് കിടന്നത് മുട്ട ഉല്‍പാദനം കുറക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചു.

കൊവിഡ് ലോക്ഡൗണ്‍ കാലത്ത് കോഴിമുട്ട വ്യവസായം ഹോസ്പിറ്റാലിറ്റി മേഖലയില്‍ വലിയ വെല്ലുവിളി നേരിട്ടിരുന്നു. എന്നാല്‍ ചില്ലറ വില്‍പ്പനകളിലുണ്ടായ കുതിച്ചു കയറ്റം ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സഹായിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജൂണ്‍ മുതല്‍ അനുഭവപ്പെടുന്ന കഠിനമായ തണുപ്പും ഫ്രീറേഞ്ച് മുട്ടകളുടെ ഉല്‍പ്പാദനം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. കഠിനമായ തണുപ്പും, ഇടവിട്ടെത്തുന്ന മഴയും മുട്ടകോഴികളെ ബാധിച്ചുവെന്നാണ് ഉല്‍പ്പാദകര്‍ പറയുന്നത്.

രാജ്യത്ത് നേരിടുന്ന മുട്ടക്ഷാമം നവംബര്‍ ഡിസംബര്‍ മാസത്തോടെ പരിഹരിക്കപ്പെടുമെന്നാണ് സൂചന. എന്നാല്‍ കോഴിത്തീറ്റയുടെ ചെലവ്, ചരക്ക് കൂലി, വൈദ്യുതി നിരക്കിലുണ്ടായ വര്‍ദ്ധനവ്, പലിശ നിരക്ക് തുടങ്ങിയവയെല്ലാം മുട്ടകര്‍ഷകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഘടകങ്ങളാണ്.

ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യം കര്‍ഷകരെയും ബാധിക്കുന്നുണ്ട്.

Other News in this category



4malayalees Recommends