ന്യൂയോര്‍ക്കില്‍ വച്ച് കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യ നില ഗുരുതരം ; വെന്റിലേറ്ററില്‍ കഴിയുന്ന റുഷ്ദിയുടെ ഒരു കണ്ണ് നഷ്ടമായേക്കും

ന്യൂയോര്‍ക്കില്‍ വച്ച്  കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യ നില ഗുരുതരം ; വെന്റിലേറ്ററില്‍ കഴിയുന്ന റുഷ്ദിയുടെ ഒരു കണ്ണ് നഷ്ടമായേക്കും
ഇന്ത്യന്‍ വംശജനായ പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍ സല്‍മാന്‍ റഷ്ദിക്ക് ന്യുയോര്‍ക്കില്‍ വച്ച് കുത്തേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹത്തിന് ഒരു കണ്ണ് നഷ്ടമായേക്കും. ലിവറില്‍ കുത്തേറ്റതിനെ തുടര്‍ന്ന് അടിയന്തര സര്‍ജറി നടത്തിയിരുന്നു. നില ഗുരുതരമായി തുടരുകയാണ്.കുത്തിയത് ന്യൂ ജേഴ്‌സിയില്‍ നിന്നുള്ള 24 കാരനായ ഹാദി മാറ്ററാണെന്ന് ന്യൂയോര്‍ക്ക് പൊലീസ് വ്യക്തമാക്കി.

സല്‍മാന്‍ റഷ്ദി പങ്കെടുത്ത പരിപാടിയിലെ വേദിയിലേക്ക് ഓടിക്കയറിയ അക്രമി അദ്ദേഹത്തെ കുത്തുകയും മുഖത്ത് ഇടിക്കുകയുമാണുണ്ടായത്.ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. കഴുത്തില്‍ രണ്ട് തവണ കുത്തേറ്റ അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണ്.

ഇടിയേറ്റ റഷ്ദി വേദിയില്‍ വീണു. ഉടനെ തന്നെ ആക്രമിയെ പിടികൂടുകയും ചെയ്തു. പടിഞ്ഞാറന്‍ ന്യുയോര്‍ക്കിലെ ചറ്റ്വാക്വാ എന്ന സ്ഥാപനത്തില്‍ റഷ്ദിയുടെ പ്രഭാഷണമുണ്ടായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടുത്തിയപ്പോഴാണ് ആക്രമി ഓടി വന്ന് അദ്ദേഹത്തെ കുത്തുകയും ഇടിക്കുകയും ചെയ്തത്.

1988 ല്‍ പുറത്തിറങ്ങിയ റഷ്ദിയുടെ സത്താനിക് വേഴ്‌സസ് എന്ന പുസ്തകം മത നിന്ദയുടെ പേരില്‍ വലിയ വിവാദം വിളിച്ചുവരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇറാന്റെ ആത്മീയാചാര്യനായ ആയുത്തള്ള ഖൊമേനി റഷ്ദിയെ വധിക്കാനായി ഫത്വ പുറപ്പെടുവിച്ചിരുന്നു. 20 വര്‍ഷമായി യുഎസിലാണ് താമസം.

Other News in this category4malayalees Recommends