കുടിവെള്ളം എടുത്തതിന് അധ്യാപകന്റെ മര്‍ദ്ദനത്തിന് ഇരയായി ദളിത് വിദ്യാര്‍ത്ഥി മരണപ്പെട്ടു; പ്രതിഷേധിച്ച് എംഎല്‍എ രാജിവെച്ചു

കുടിവെള്ളം എടുത്തതിന് അധ്യാപകന്റെ മര്‍ദ്ദനത്തിന് ഇരയായി ദളിത് വിദ്യാര്‍ത്ഥി മരണപ്പെട്ടു; പ്രതിഷേധിച്ച് എംഎല്‍എ രാജിവെച്ചു
രാജസ്ഥാനിലെ അധ്യാപകന്റെ മര്‍ദനമേറ്റ് ദലിത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എംഎല്‍എ രാജിവച്ചു. അത്രു മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ പനചന്ദ് മേഘ്വാള്‍ ആണ് രാജിവച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൈമാറി.

സ്‌കൂളില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കു വേണ്ടി കുടിവെള്ളം സൂക്ഷിച്ച പാത്രത്തില്‍ തൊട്ടെന്ന് ആരോപിച്ച് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചാണ് ജലോര്‍ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥി ഇന്ദ്രകുമാര്‍ മേഘ്വാള്‍ (9) മരിച്ചത്. അധ്യാപകന്‍ ചായില്‍ സിങ്ങിനെ (40) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദാരുണ സംഭവത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് എംഎല്‍എ രാജിക്ക് പിന്നാലെ പ്രതികരിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്കു ശേഷവും ദലിതര്‍ ആക്രമിക്കപ്പെടുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ച കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി പോരാടുമെന്നും അദ്ദേഹം അറിയിച്ചു.

'സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇന്നും ദലിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി പോരാടേണ്ട സ്ഥിതിയാണ്. ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. ഈ അടിച്ചമര്‍ത്തല്‍ തടയാന്‍ എനിക്ക് കഴിയുന്നില്ല,അതിനാല്‍ ഞാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നു.' എംഎല്‍എ പനചന്ദ് മുഖ്യമന്ത്രിക്ക് അയച്ച രാജിക്കത്തില്‍ പറഞ്ഞു.

കഴിഞ്ഞ മാസം 20ന് അധ്യാപകന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മുഖത്തും ചെവിയിലും മര്‍ദനമേറ്റു ബാലന്‍ അബോധാവസ്ഥയിലായിരുന്നു. ഉദയ്പുരിലെ ആശുപത്രിയില്‍ ഒരാഴ്ച ചികിത്സയ്ക്കുശേഷം അഹമ്മദാബാദിലേക്കു കൊണ്ടുപോയെങ്കിലും അവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.

Other News in this category4malayalees Recommends