വിവാഹ ഗ്രാന്റായി യുഎഇ വിതരണം ചെയ്തത് 126 ദശലക്ഷം ദിര്‍ഹം; ഒരാള്‍ക്ക് 70,000 ദിര്‍ഹം

വിവാഹ ഗ്രാന്റായി യുഎഇ വിതരണം ചെയ്തത് 126 ദശലക്ഷം ദിര്‍ഹം; ഒരാള്‍ക്ക് 70,000 ദിര്‍ഹം
വിവാഹഗ്രാന്റായി നൂറ്റിയിരുപത്തിയാറ് ദശലക്ഷം ദിര്‍ഹം വിതരണം ചെയ്ത് യുഎഇ. 1,798 ഇമിറേറ്റി പൗരന്‍മാരായ യുവാക്കളാണ് ഗ്രാന്റിന്റെ ഗുണഭോക്താക്കളായത്. 2022 ആദ്യപകുതിയില്‍ വിവാഹിതരായവര്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഇത്തവണത്തെ വിവാഹ ഗ്രാന്റ് വിതരണം ചെയ്തത്.ഒരാള്‍ക്ക് എഴുപതിനായിരം ദിര്‍ഹം വീതമാണ് ഗ്രാന്റ് തുക ലഭിക്കുകയെന്ന് സാമൂഹിക ക്ഷേമവകുപ്പുമന്ത്രി ഹെസ്സ ബിന്‍ എസ്സ ബുഹുമെയ്ഡ് അറിയിച്ചു. പ്രായവും വരുമാനവുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കാണ് ഗ്രാന്റ് അനുവദിക്കുന്നത്. സാമ്പത്തികമായും സദാചാരപരമായും സുസ്ഥിര കുടുംബം കെട്ടിപ്പടുക്കുക, കുടുംബത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കുക, വിവാഹമെന്ന വ്യവസ്ഥാപിത സ്ഥാപനത്തെ സംബന്ധിച്ച് യുവാക്കളെ ബോധവത്ക്കരിക്കുക എന്നതാണ് ഗ്രാന്റ് വിതരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ബുഹുമെയ്ഡ് അറിയിച്ചു.

യുഎഇ സാമൂഹ്യക്ഷേമവകുപ്പ് ഗ്രാന്റ് അനുവദിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. വരനും വധുവും എമിറേറ്റി പൗരന്‍മാരാകണമെന്നതാണ് ഗ്രാന്റ് ലഭ്യമാകുന്നതിന് പാലിക്കേണ്ട നിബന്ധനകളില്‍ ഒന്ന്. വരന് ചുരുങ്ങിയത് ഇരുപത്തിയൊന്നുവയസും വധുവിന് പതിനെട്ടുവയസും പ്രായമുണ്ടായിരിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. വരന്റെ നെറ്റ്‌വരുമാനം 25,000 ദിര്‍ഹത്തില്‍ കവിയരുതെന്നും ഗ്രാന്റ് ലഭിക്കുന്നതിന് ആവശ്യമായ നിബന്ധനകളിലൊന്നാണ്. സാമൂഹ്യക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റ് മൂഖേന ഗ്രാന്റിനായി അപേക്ഷ നല്കാം.

വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ വിവാഹഗ്രാന്റിനായി അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ഗ്രാന്റ് ലഭിക്കണമെങ്കില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ലാസ്സുകളിലും പ്രഭാഷണങ്ങളിലും ദമ്പതികള്‍ പങ്കെടുക്കണമെന്ന നിര്‍ദേശവുമുണ്ടെന്ന് ബുഹുമെയ്ഡ് കൂട്ടിച്ചേര്‍ത്തു.രാഷ്ട്ര നിര്‍മ്മാണത്തില്‍ കുടുംബം വളരെ പ്രധാനപ്പെട്ടതാണ്. കുടുംബ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നത് സമൂഹത്തെ ദുര്‍ബ്ബലപ്പെടുത്തുമെന്നും മന്ത്രി ബുഹുമെയ്ഡ് വിവാഹ ഗ്രാന്റ് അനുവദിക്കുന്നത് സംബന്ധിച്ച് അഭിപ്രായപ്പെട്ടു. വിവാഹ ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ കുടുംബ വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമിട്ടാണ് യുഎഇ സര്‍ക്കാര്‍ ദേശീയ കുടുംബ നയം രൂപീകരിച്ചത്. ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെ നേരിട്ട് ആരോഗ്യകരമായ കുടുംബം കെട്ടിപ്പടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് യുഎഇ സര്‍ക്കാര്‍ വിവാഹ ഗ്രാന്റിലൂടെ ലക്ഷ്യമിടുന്നത്. വിവാഹ ചെലവുകള്‍ക്കും ഗ്രാന്റ് ഉപകാരപ്പെടുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

Other News in this category4malayalees Recommends