ആശുപത്രിയിലെത്താന്‍ റോഡില്ല; 7ാം മാസത്തില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി, രണ്ട് കുഞ്ഞുങ്ങളുടെയും മരണം നേരില്‍ കണ്ട് അമ്മ

ആശുപത്രിയിലെത്താന്‍ റോഡില്ല; 7ാം മാസത്തില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി, രണ്ട് കുഞ്ഞുങ്ങളുടെയും മരണം നേരില്‍ കണ്ട് അമ്മ
നവജാത ഇരട്ടക്കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വഴിയില്ലാത്തതിനാല്‍ അമ്മയുടെ കണ്‍മുന്‍പില്‍ വെച്ച് ഇരട്ടക്കുട്ടികള്‍ മരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് ദാരുണ സംഭവം. അമിതമായ രക്തസ്രാവം മൂലം യുവതിയുടെ ആരോഗ്യസ്ഥിതിയും ഗുരുതരാവസ്ഥയിലാണ്.

കെട്ടിയുണ്ടാക്കിയ സ്‌ട്രെച്ചറില്‍ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രസവത്തെത്തുടര്‍ന്ന് അമിതമായി രക്തസ്രാവമുണ്ടായ സ്ത്രീയെ പാറക്കെട്ടുകളിലൂടെ കുടുംബാംഗങ്ങള്‍ മൂന്ന് കിലോമീറ്ററോളം ചുമന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

പാല്‍ഘര്‍ ജില്ലയിലെ മൊഖദ തഹസില്‍ നിവാസിയായ വന്ദന ബുധറാണ് കഴിഞ്ഞ ദിവസമാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഏഴാം മാസത്തിലായിരുന്നു പ്രസവം. അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് ആരോഗ്യമുണ്ടായിരുന്നില്ല. വിദഗ്ധ ചികിത്സ ലഭിച്ചാല്‍ മാത്രമേ ജീവന്‍ രക്ഷിക്കാനാകൂവെന്ന് അറിയിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിക്കാന്‍ വഴിയില്ലാതായതോടെ അമ്മയുടെ കണ്‍മുമ്പില്‍ വെച്ച് രണ്ട് കുട്ടികളും മരണപ്പെടുകയായിരുന്നു.

അമിത രക്തസ്രാവം മൂലം സ്ത്രീയുടെ നിലയും വഷളായി, കുടുംബാംഗങ്ങള്‍ കയറും ബെഡ്ഷീറ്റും മരവും ഉപയോഗിച്ച് ഒരു താല്‍ക്കാലിക സ്‌ട്രെച്ചര്‍ നിര്‍മിച്ച് സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചു. അപകടകരമായ വഴി താണ്ടിയാണ് ആശുപത്രിയിലെത്തിച്ചത്. യുവതി ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്.

സംഭവം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്ര കിഷോര്‍ വാഗ് ട്വീറ്റ് ചെയ്തു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബുധറിന്റെ ഇരട്ടക്കുട്ടികള്‍ മരിച്ചതെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റോഡുകള്‍ ലഭ്യമല്ലാത്തതിനാലാണ് ഇത്തരം നിരവധി സംഭവങ്ങള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും വിഷയം ടാഗ് ചെയ്ത് ചിത കിഷോര്‍ വാഗ് കുറിച്ചു.

Other News in this category4malayalees Recommends