ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണറെ ഉള്‍പ്പെടെ ഉപയോഗിക്കുന്നു ; ഗവര്‍ണറിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം

ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണറെ ഉള്‍പ്പെടെ ഉപയോഗിക്കുന്നു ; ഗവര്‍ണറിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം. ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണറെ ഉള്‍പ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴിയിലൂടെ ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും ശ്രമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക് പരിശോധന നടത്താന്‍ അവസരം നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. ഫെഡറല്‍ സംവിധാനമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്ന ഭരണഘടനയുടെ 356ാം വകുപ്പ് സംസ്ഥാനങ്ങളുടെ മേല്‍ മുന്‍പ് പല തവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് പരീക്ഷിക്കാന്‍ ഇന്ന് പരിമിതികളുണ്ട്. അതുകൊണ്ടാണ് വളഞ്ഞ വഴി നോക്കുന്നതെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനിയിലെ കോളമായ 'നേര്‍വഴി'യിലൂടെയാണ് സിപിഐഎം നേതാവിന്റെ പ്രതികരണം.

'അസഹിഷ്ണുതയോടെ എല്‍ഡിഎഫ് ഭരണത്തെ അട്ടിമറിക്കാനാണ് കേന്ദ്രഭരണകക്ഷിയും മോദി ഭരണവും പരിശ്രമിക്കുന്നത്. അതിന് ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ തുറന്നുവിട്ടിരിക്കുകയാണ്. മറ്റൊരു ഭാഗത്ത് ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ നോക്കുന്നു. അതിന്റെ ഭാഗമാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ല എന്ന ഗവര്‍ണറുടെ ശാഠ്യം. ഇതിലൂടെ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ മോദി ഭരണത്തിന്റെയും ബിജെപിയുടെയും ചട്ടുകമായി മാറിയിരിക്കുകയാണ്. രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെയും ഗവര്‍ണര്‍മാര്‍ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നതാണ് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ നിഷ്‌കര്‍ഷിക്കുന്നത്,' കോടിയേരി ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരായ നീചമായ കടന്നാക്രമണമാണ്. മോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും ഈ കിരാത നീക്കത്തിന് ഒത്താശക്കാരായി കോണ്‍ഗ്രസിന്റെ കേരള നേതാക്കള്‍ മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രഭരണത്തിന്റെയും പ്രതിപക്ഷത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെയും ഗൂഢനീക്കത്തിനെതിരെ ശക്തവും വിപുലവുമായ ജനകീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരും. ഈ ജനകീയ കൂട്ടായ്മയില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ക്കോ അവയിലെ അണികള്‍ക്കോ പങ്കെടുക്കാം,' അവരുമായി ഈ വിഷയത്തില്‍ കൈകോര്‍ക്കാന്‍ സിപിഐഎം തയ്യാറാണെന്നും കോടിയേരി വ്യക്തമാക്കി.

Other News in this category



4malayalees Recommends