ഡോളോ 650 കുറിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് മരുന്ന് കമ്പനികള്‍ 1000 കോടിയുടെ സൗജന്യം നല്‍കുന്നുവെന്ന് ഹര്‍ജി ; നടുക്കം രേഖപ്പെടുത്തി സുപ്രിംകോടതി

ഡോളോ 650 കുറിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് മരുന്ന് കമ്പനികള്‍ 1000 കോടിയുടെ സൗജന്യം നല്‍കുന്നുവെന്ന് ഹര്‍ജി ; നടുക്കം രേഖപ്പെടുത്തി സുപ്രിംകോടതി
രോഗികള്‍ക്ക് മരുന്ന് കുറിക്കുമ്പോള്‍ തങ്ങളുടെ മരുന്നുകള്‍ എഴുതാന്‍ ഫാര്‍മ കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് പണം നല്‍കുന്ന വിഷയത്തില്‍ നടുക്കം രേഖപ്പെടുത്തി സുപ്രിംകോടതി. ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ വിഷയത്തില്‍ സുപ്രിംകോടതി രൂക്ഷമായി പ്രതികരിച്ചു. ഡോളോ650 കുറിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് മരുന്ന് കമ്പനികള്‍ 1000 കോടിയുടെ സൗജന്യം നല്‍കുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം ഗൗരവമുള്ളതാണെന്നും 10 ദിവസത്തിനകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു

ഇത് കാതുകള്‍ക്ക് അത്ര സുഖകരമായ കാര്യമല്ല. കാരണം എനിക്ക് കൊവിഡ് ബാധിച്ചപ്പോള്‍ പോലും ഈ മരുന്നാണ് കഴിക്കാന്‍ നിര്‍ദേശിച്ചിരുന്നത്. ഇത് ഗുരുതരമായ വിഷയമാണ്' ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ ആന്റ് സെയില്‍സ് റെപ്രസന്റേറ്റിവ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഹര്‍ജി നല്‍കിയത്. ഇത്തരം കീഴ്‌വഴക്കങ്ങള്‍ ശരീരത്തില്‍ മരുന്ന് അധികമാകുന്നതിന് കാരണമാകുമെന്നും രോഗികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നും മരുന്ന് വില കയറ്റത്തിന് കാരണമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മരുന്നുകളുടെ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട് ഏകീകൃത കോഡ് വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.വിശദമായ വാദം കേള്‍ക്കാനായി ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനായി സെപ്റ്റംബര്‍ 29 ലേക്ക് മാറ്റി.

Other News in this category



4malayalees Recommends