പ്രിയ വര്‍ഗീസിന്റെ നിയമനം സ്‌റ്റേ ചെയ്ത ഗവര്‍ണര്‍ നടപടിയ്‌ക്കെതിരെ സര്‍വകലാശാല ഉടന്‍ ഹൈക്കോടതിയെ സമീപിക്കില്ല

പ്രിയ വര്‍ഗീസിന്റെ നിയമനം സ്‌റ്റേ ചെയ്ത ഗവര്‍ണര്‍ നടപടിയ്‌ക്കെതിരെ സര്‍വകലാശാല ഉടന്‍ ഹൈക്കോടതിയെ സമീപിക്കില്ല
പ്രിയ വര്‍ഗീസിന്റെ നിയമനം സ്‌റ്റേ ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്ക് എതിരെ സര്‍വകലാശാല ഉടന്‍ ഹൈക്കോടതിയെ സമീപിക്കില്ല. ഗവര്‍ണര്‍ക്കെതിരായ നിയമ നടപടിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. നിയമനം മരവിപ്പിച്ചുകൊണ്ടുള്ള കത്തില്‍ വ്യക്തത ഇല്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

ഗവര്‍ണര്‍ക്കെതിരെ കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ വീണ്ടും നിയമോപദേശം തേടാന്‍ സര്‍വകലാശാല തീരുമാനിച്ചു. അതിന് ശേഷമാകും തുടര്‍നടപടികള്‍. അതേസമയം, പ്രിയ വര്‍ഗീസ് കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കാനുള്ള നടപടികള്‍ സ്റ്റേ ചെയ്ത ഗവര്‍ണറുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് നിയമോപദേശം ലഭിച്ചത്.

ഇതേ തുടര്‍ന്ന് നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം വിസിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ യോഗ്യതയില്ലാത്തയാളെ അധ്യാപികയായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ആയതിനാലാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. ഇതാണ് രാഷ്ട്രീയം. അതിനാല്‍ താനും വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് എതിരെയും ആരിഫ് മുഹമ്മദ് ഖാന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സ്വജനപക്ഷപാതം കണ്ടത് കൊണ്ടാണ് നിയമന നടപടി റദ്ദാക്കിയത്. നിയമനം സ്റ്റേ ചെയ്ത നടപടി നിയമപരമാണ്. തന്റെ തീരുമാനത്തിന് എതിരെ ആര്‍ക്കും കോടതിയെ സമീപിക്കാമെന്ന് പറഞ്ഞ ഗവര്‍ണര്‍ തനിക്ക് കീഴിലുള്ളവര്‍ നിയമവഴി തേടുന്നത് അച്ചടക്ക ലംഘനമാണോയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി.

Other News in this category4malayalees Recommends