യുഎഇയില്‍ 13ാം നിലയിലെ ജനലില്‍ തൂങ്ങിക്കിടന്ന കുട്ടിയെ അയല്‍വാസികള്‍ വാതില്‍ പൊളിച്ച് രക്ഷപ്പെടുത്തി

യുഎഇയില്‍ 13ാം നിലയിലെ ജനലില്‍ തൂങ്ങിക്കിടന്ന കുട്ടിയെ അയല്‍വാസികള്‍ വാതില്‍ പൊളിച്ച് രക്ഷപ്പെടുത്തി
അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ പതിമൂന്നാം നിലയിലുള്ള ജനലില്‍ തൂങ്ങിക്കിടന്ന കുട്ടിയെ അയല്‍വാസികളും വാച്ച്മാനും ചേര്‍ന്ന് രക്ഷിച്ചു. ഷാര്‍ജയിലെ അല്‍ താവുന്‍ ഏരിയയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. അഞ്ച് വയസുള്ള കുട്ടിയാണ് ഫ്‌ലാറ്റില്‍ കളിക്കുന്നതിനിടെ ജനലിലൂടെ പുറത്തേക്കിറങ്ങിയത്. ജനലില്‍ തൂങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ റോഡില്‍ നില്‍ക്കുകയായിരുന്ന അയല്‍വാസികളില്‍ ചിലരാണ് കണ്ടത്.

കുട്ടിയെ കണ്ട് പരിഭ്രാന്തരായ പ്രദേശവാസികള്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്!തു. ജോലി കഴിഞ്ഞെത്തിയപ്പോഴാണ് പ്രദേശത്ത് ആളുകള്‍ കൂടി നിന്ന് കുട്ടിയെ ശ്രദ്ധിക്കുന്നത് കണ്ടതെന്ന് ഇതേ കെട്ടിടത്തിലെ താമസക്കാരനായ ആദില്‍ അബ്!ദുല്‍ ഹഫീസ് എന്നയാള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. അപകടം മനസിലാക്കിയ അദ്ദേഹം ഉടനെ വാച്ച്മാനെ വിവരമറിയിക്കുകയും അദ്ദേഹത്തെയും കൂട്ടി കെട്ടിടത്തിന്റെ 13ാം നിലയിലേക്ക് കുതിക്കുകയുമായിരുന്നു.

ഫ്‌ലാറ്റിന്റെ വാതിലില്‍ മുട്ടിയെങ്കിലും ആരും വാതില്‍ തുറന്നില്ല. അതിനിടെ അദ്ദേഹം കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് കാര്യം പറയുകയും വാതില്‍ പൊളിച്ച് കുട്ടിയെ രക്ഷിക്കേണ്ടതുണ്ടെന്ന് അറിയിക്കുകയും ചെയ്തു. വാതില്‍ പൊളിച്ച് അകത്ത് കടന്ന ഇരുവരും ജനലിന്റെ ഒരു വശത്ത് തൂങ്ങി നില്‍ക്കുകയായിരുന്ന കുട്ടിയെ കൈയില്‍ പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി. ജനലിന്റെ വിടവ് ചെറുതായിരുന്നതിനാല്‍ വാച്ച്!മാന്‍ അത് ഉയര്‍ത്തിപിടിച്ച് സഹായിച്ചു. കാലിന്റെ പെരുവിരല്‍ മാത്രം നിലത്തൂന്നി പ്രയാസപ്പെട്ടാണ് കുട്ടി നിന്നിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടിയെ രക്ഷപ്പെടുത്തി നിമിഷങ്ങള്‍ക്കകം തന്നെ ആറ് പൊലീസ് പട്രോള്‍ സംഘങ്ങളും ആംബുലന്‍സുകളും സ്ഥലത്തെത്തി. കുട്ടിയുടെ അമ്മയും പിന്നാലെയെത്തി. കുട്ടിയെ രക്ഷപെടുത്തിയവര്‍ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കുകയും ചെയ്!തു. കുട്ടി വീണുപോകുമോ എന്ന് ഭയന്ന് നിലത്ത് ബ്ലാങ്കറ്റുകളും മെത്തകളും വിരിക്കാന്‍ അയല്‍ക്കാരോട് ആവശ്യപ്പെട്ടിരുന്നുവെന്നും കെട്ടിടത്തിലെ വാച്ച്മാന്‍ പറഞ്ഞു.

Other News in this category



4malayalees Recommends