'ഇസ്‌ലാമിക രാജ്യങ്ങളില്‍ ഹിജാബിനെതിരെ പോരാടുകയാണ് സ്ത്രീകള്‍': സുപ്രീം കോടതിയില്‍ ഇറാന്‍ വിഷയം ഉദ്ധരിച്ച് കര്‍ണാടക

'ഇസ്‌ലാമിക രാജ്യങ്ങളില്‍ ഹിജാബിനെതിരെ പോരാടുകയാണ് സ്ത്രീകള്‍': സുപ്രീം കോടതിയില്‍ ഇറാന്‍ വിഷയം ഉദ്ധരിച്ച് കര്‍ണാടക
ശിരോവസ്ത്രം ധരിക്കുന്നത് ഇസ്‌ലാമില്‍ അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്ന് സുപ്രീം കോടതിയില്‍ വാദിക്കാന്‍ ഇറാനില്‍ സ്ത്രീകള്‍ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളെ ഉദ്ധരിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ പ്രീയൂണിവേഴ്‌സിറ്റി കോളേജുകളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചത് ഭരണഘടനാ വിരുദ്ധമല്ലെന്നും ആരുടെയും സംസാരിക്കാനുള്ള അവകാശം ലംഘിക്കുന്നതല്ലെന്നും കര്‍ണാടക വാദിച്ചു. ഹിജാബിനെതിരെ പശ്ചിമേഷ്യന്‍ രാജ്യത്ത് നടക്കുന്ന പ്രകടനങ്ങളെക്കുറിച്ചും, അവയ്ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ചും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സംസാരിച്ചു.

ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ യുവതി ചികിത്സയിലിരിക്കെ മാട്രനപ്പെട്ടത് ഇറാനില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ഈ പ്രതിഷേധങ്ങള്‍ കര്‍ണാടകയില്‍ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന കോടതിക്ക് മുന്‍പാകെ ഉദ്ധരിക്കുകയാണ് കര്‍ണാടക. ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫെബ്രുവരിയിലെ ഉത്തരവില്‍ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതിയുടെ മാര്‍ച്ചിലെ വിധിക്കെതിരായ ഒരു കൂട്ടം ഹര്‍ജികള്‍ ആണ് സുപ്രീം കോടതി പരിഗണിച്ച് വരുന്നത്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

സംസ്ഥാനത്തെ ഉഡുപ്പി ജില്ലയിലെ ഒരു കോളേജ് ഏര്‍പ്പെടുത്തിയ നിയന്ത്രണം ശിരോവസ്ത്രം ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ഇന്റേണല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് കോളേജ് പറഞ്ഞതോടെ സ്ഥിതിഗതികള്‍ വഷളായി. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതി ഹിജാബ് നിര്‍ബന്ധമായ വസ്ത്രമല്ലെന്ന് ചൂണ്ടിക്കാട്ടി ഹിജാബ് നിരോധിക്കുകയായിരുന്നു.

Other News in this category4malayalees Recommends