മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍ ഒന്നിന്

മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍ ഒന്നിന്
ചിക്കാഗോ: ചിക്കാഗോ രൂപതയുടെ രണ്ടാമത്തെ മെത്രാനായ മാര്‍ ജോയി ആലാപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ തിരുക്കര്‍മ്മങ്ങള്‍ ഒക്ടോബര്‍ ഒന്നാം തിയതി ശനിയാഴ്ച രാവിലെ ആരംഭിക്കും. രാവിലെ 9:00 മണിക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും മറ്റ് മെത്രാന്മാരും വൈദികരും അള്‍ത്താര ശുഷ്രൂഷികളും മാര്‍തോമ ശ്ലീഹാ കത്തീഡ്രലിന്റെ പാരിഷ് ഹാളില്‍ നിന്ന് പ്രദക്ഷിണമായി ദേവലായത്തിലേക്ക് പ്രവേശിക്കും.


പാരിഷ് ഹാളില്‍ നിന്ന് കുരിശിന്‍തൊട്ടി ചുറ്റി ദേവലായത്തിലേക്ക് പ്രവേശിക്കുന്ന പ്രദക്ഷിണത്തില്‍ പതിനാറോളം മെത്രാന്മാരും നൂറിലധികം വൈദികരും പങ്കെടുക്കും. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പേപ്പല്‍ പതാകയേന്തി ഇരുവശങ്ങളിലായി അണിനിരക്കും. തിരുകര്‍മ്മങ്ങള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കും. ശാലോം ടി.വിയില്‍ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടാവും.


വി. കുര്‍ബാനയ്ക്ക് ശേഷം ഉച്ചഭക്ഷണവും തുടര്‍ന്ന് പൊതുയോഗവും ഉണ്ടായിരിക്കുന്നതാണ്. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.


ജനറല്‍ കണ്‍വീനര്‍മാരായ ഫാ. തോമസ് കടുകപ്പിള്ളി, ഫാ. തോമസ് മുളവനാല്‍ എന്നിവര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി മുന്‍പില്‍ തന്നെയുണ്ട്. കമ്മറ്റികളെയെല്ലാം എകോപിപ്പിച്ച് നേതൃത്വം കൊടുക്കുന്നത് ജനറല്‍ കോഓര്‍ഡിനേറ്ററായ ജോസ് ചാമാക്കാലയും യൂത്ത് കോഡിനേറ്റര്‍മാരായ ബ്രയന്‍ കുഞ്ചെറിയായും, ഡീന പുത്തന്‍പുരക്കലും ചേര്‍ന്നാണ്. സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്ന ദിനത്തിനായി ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ് ചിക്കാഗോയിലെ സിറോ മലബാര്‍ വിശ്വാസി സമൂഹം.


റിപ്പോര്‍ട്ട്: ജോര്‍ജ് അമ്പാട്ട്


Other News in this category4malayalees Recommends