250,000 പൗണ്ട് വരെ മൂല്യമുള്ള വീടുകള്‍ക്ക് ടാക്‌സ് വേണ്ട! സ്റ്റാമ്പ് ഡ്യൂട്ടി കുറച്ച് ചാന്‍സലര്‍; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 425,000 പൗണ്ട് വരെ ഡ്യൂട്ടി ഇളവ്; പലിശ നിരക്ക് ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ പ്രഖ്യാപനം ഗുണം ചെയ്യുമോ?

250,000 പൗണ്ട് വരെ മൂല്യമുള്ള വീടുകള്‍ക്ക് ടാക്‌സ് വേണ്ട! സ്റ്റാമ്പ് ഡ്യൂട്ടി കുറച്ച് ചാന്‍സലര്‍; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 425,000 പൗണ്ട് വരെ ഡ്യൂട്ടി ഇളവ്; പലിശ നിരക്ക് ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ പ്രഖ്യാപനം ഗുണം ചെയ്യുമോ?

250,000 പൗണ്ട് വരെ മൂല്യമുള്ള വീടുകള്‍ക്ക് സ്ഥിരമായ സ്റ്റാമ്പ് ഡ്യൂട്ടി കട്ട് വരുമെന്ന് ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് എമര്‍ജന്‍സി ബജറ്റില്‍ സ്ഥിരീകരിച്ചിരുന്നു. മുന്‍ ചാന്‍സലര്‍ ഋഷി സുനാകിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ അവസാനിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ക്വാര്‍ട്ടെംഗിന്റെ പ്രഖ്യാപനം.


ഇംഗ്ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും വീട് വാങ്ങുന്നവര്‍ അടയ്ക്കുന്ന നികുതിയാണ് സ്റ്റാമ്പ് ഡ്യൂട്ടി. ഇത് പ്രവര്‍ത്തിക്കുന്ന രീതിയാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. 125,000 പൗണ്ട് വരെയാണ് നികുതി അടയ്‌ക്കേണ്ടാതിരുന്നതെങ്കില്‍ ഇനി ഇത് 250,000 പൗണ്ടായി ഉയരും.

പ്രോപ്പര്‍ട്ടി വാല്യൂവിന്റെ ആദ്യ 125,000 പൗണ്ടിലാണ് ടാക്‌സ് ഇളവ് നല്‍കിയിരുന്നത്. ഇതിന് മുകളില്‍ 250,000 പൗണ്ട് വരെയുള്ള മൂല്യത്തിന് 2 ശതമാനമാണ് ചുമത്തിയിരുന്നത്. 250,001 മുതല്‍ 925,000 പൗണ്ട് വരെ 5% നികുതിയുമാണ് ഈടാക്കിയിരുന്നത്.

പുതിയ സിസ്റ്റം വരുന്നതോടെ ആദ്യ 250,000 പൗണ്ട് വരെ നികുതി ഒഴിവാകും. 250,001 പൗണ്ട് മുതല്‍ 5 ശതമാനവും, 925,001 പൗണ്ട് മുതല്‍ 1.5 മില്ല്യണ്‍ വരെ 10 ശതമാനവും തുടര്‍ന്നും അടയ്ക്കണം.

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി അടയ്‌ക്കേണ്ട പരിധി 300,000 പൗണ്ടില്‍ നിന്നും 425,000 പൗണ്ടായാണ് ഉയര്‍ത്തുന്നത്. എന്നാല്‍ ഇതുകൊണ്ട് വലിയ ഗുണമൊന്നും ലഭിക്കില്ലെന്നാണ് ഹൗസിംഗ് വിദഗ്ധരുടെ പക്ഷം. ഭവനവില വീണ്ടും ഉയരാനാണ് ഇത് വഴിയൊരുക്കുകയെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.


പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നത് തുടര്‍ന്നാല്‍ കിട്ടാനുള്ള അല്‍പ്പം ഗുണം പോലും ലഭിക്കാതാകും. മുന്‍പ് സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ പ്രഖ്യാപിച്ചപ്പോള്‍ ഭവനവില കുത്തനെ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഇത് അവസാനമായി ഉപയോഗിച്ചപ്പോള്‍ ആളുകള്‍ രണ്ടാമത്തെയും, മൂന്നാമത്തെയും വീടുകള്‍ വാങ്ങുകയോ, വാടകയ്ക്ക് നല്‍കാന്‍ വീട് വാങ്ങുകയോ ആണ് ചെയ്തതെന്ന് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ചൂണ്ടിക്കാണിച്ചു.

Other News in this category



4malayalees Recommends