തുറമുഖത്തിന് എന്തുപറ്റി; തുറന്നുപറഞ്ഞ് നിവിന്‍ പോളി

തുറമുഖത്തിന് എന്തുപറ്റി; തുറന്നുപറഞ്ഞ് നിവിന്‍ പോളി
നിവിന്‍ പോളിയുടേതായി ആരാധകര്‍ വളരെ കാത്തിരിക്കുന്ന രാജീവ് രവി ചിത്രമാണ് തുറമുഖം. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം പലകുറി റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രമാണ്. ചിത്രത്തിനായുള്ള കാത്തിരിപ്പ് സോഷ്യല്‍ മീഡിയയിലൂടെ സിനിമാപ്രേമികളില്‍ പലരും പലപ്പോഴായി പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രം കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ പകരുന്ന ഒരു വിവരം നിവിന്‍ തന്നെ പങ്കുവച്ചിരിക്കുകയാണ്.

താന്‍ നായകനാവുന്ന പുതിയ ചിത്രം സാറ്റര്‍ഡേ നൈറ്റിന്റെ പ്രചരണാര്‍ഥം രാജഗിരി കോളേജില്‍ മറ്റ് അണിയറക്കാര്‍ക്കൊപ്പം എത്തിയ നിവിന്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഇത് പറഞ്ഞത്. താന്‍ നിവിന്‍ പോളിയുടെ വലിയ ആരാധകനാണെന്നും തുറമുഖം അടിയന്തിരമായി തിയറ്ററില്‍ ഇറക്കണമെന്നുമായിരുന്നു നിവിനോട് വിദ്യാര്‍ഥിയുടെ ആവശ്യം. എന്നാല്‍ തുറമുഖം തന്റെ പോക്കറ്റിലല്ല ഇരിക്കുന്നത് എന്നായിരുന്നു ചിരിയോടെയുള്ള നിവിന്‍ പോളിയുടെ മറുപടി. പിന്നീട് ചിത്രം വൈകാനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു.

തുറമുഖം എന്റെ പോക്കറ്റിലല്ല ഇരിക്കണെ. ആ സിനിമ ഇറങ്ങണമെന്ന് നിങ്ങളെപ്പോലെതന്നെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതിന്റെ നിര്‍മ്മാതാവിന്റെ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ എല്ലാം കാരണം അത് ഇത്തിരി പ്രശ്‌നത്തില്‍ ഇരിക്കുകയാണ്.

അത് നവംബര്‍ ഡിസംബറില്‍ റിലീസ് ആവുമെന്നാണ് കേള്‍വി. നമ്മുടെ നിര്‍മ്മാതാക്കളില്‍ ഏറ്റവും മുന്‍പന്തിയില്‍ ഇപ്പോള്‍ നില്‍ക്കുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സിനിമ റിലീസിനുവേണ്ടി എടുക്കുന്നത്. ലിസ്റ്റിന്‍ ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് അത് റിലീസ് ആവുമെന്ന് വിശ്വസിക്കുന്നു, നിവിന്‍ പറഞ്ഞു.

Other News in this category4malayalees Recommends