അച്ഛന്‍ കടക്കെണിയില്‍, ആരോരുമറിയാതെ കോഴിക്കോട് നിന്നും മുഖ്യമന്ത്രിയെ കാണാനെത്തി വിദ്യാര്‍ഥി

അച്ഛന്‍ കടക്കെണിയില്‍, ആരോരുമറിയാതെ കോഴിക്കോട് നിന്നും മുഖ്യമന്ത്രിയെ കാണാനെത്തി വിദ്യാര്‍ഥി
അച്ഛന്റെ കടബാധ്യത തീര്‍ക്കാന്‍ വീട്ടുകാരറിയാതെ മുഖ്യമന്ത്രിയെ കാണാനെത്തി പ്ലസ് വണ്‍കാരന്‍ ദേവാനന്ദന്‍. ഇന്നലെ രാത്രിയാണ് കുറ്റ്യാടി വേളം സ്വദേശിയായ ദേവാനന്ദന്‍ കോഴിക്കോട് നിന്നും മുഖ്യമന്ത്രിയെ കാണാനെത്തിയത്.

പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് അച്ഛനെ വിളിച്ച് വരുത്തിയ മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ഉറപ്പ് നല്‍കിയാണ് ദേവനന്ദനെ മടക്കി അയച്ചത്. ഇന്നലെ രാത്രി ഒന്‍പതരയോടെ ക്ലിഫ് ഹൗസിന് മുന്നില്‍ ഓട്ടോയില്‍ വന്നിറങ്ങിയ ദേവാനന്ദന്‍ മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ വിവരം മ്യൂസിയം പോലിസിനെ അറിയിച്ചു. മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാര്‍ കുട്ടിയെ കൊണ്ടുപോയി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

ദേവനന്ദന്റെ അച്ഛന്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പയെടുത്തിരുന്നു. വായ്പ മുടങ്ങിയതോടെ ഭീഷണിയും ശല്യവുമായി. വീട്ടുകാരുടെ കണ്ണീര്‍ കണ്ട് മനസുനീറിയ വിദ്യാര്‍ത്ഥി ആരുമറിയാതെ ട്രെയിന്‍ കയറി തിരുവനന്തപുരത്തെത്തുകയായിരുന്നു. മുഖ്യമന്ത്രിയെ കണ്ട് സങ്കടം പറയുകയായിരുന്ന ലക്ഷ്യം. അങ്ങനെ ക്ലിഫ് ഹൌസിലെത്തി മുഖ്യമന്ത്രിയെ കണ്ടു.

കോഴിക്കോട്ട് നിന്നും ഒരു വിദ്യാര്‍ത്ഥി സാഹസികമായി എത്തിയ കാര്യം പൊലീസുകാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിച്ചു. കുട്ടിയുടെ രക്ഷിതാക്കള്‍ക്കും രാത്രി തന്നെ വിവരം കൈമാറി. ദേവാനന്ദന്റെ അച്ഛന്‍ രാജീവ് രാവിലെ തിരുവനന്തപുരത്ത് എത്തി. രണ്ടുപേര്‍ക്കും ഭക്ഷണവും സൗകര്യങ്ങളും പോലീസ് ഒരുക്കി.

ഇന്ന് രാവിലെ പതിനൊന്നു മണിയോടെ മുഖ്യമന്ത്രി കുട്ടിയെയും അച്ഛനെയും സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് വിളിച്ചു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഒടുവില്‍ കടം തീര്‍ക്കാന്‍ ഇടപെടാമെന്ന് ദേവാനന്ദന് മുഖ്യമന്ത്രിയുടെ ഉറപ്പ്. ഇനി വീട്ടുകാര്‍ അറിയാതെ വീട് വിട്ടു പോകരുതെന്ന് ഉപദേശവും മുഖ്യമന്ത്രി നല്‍കി. ആവള ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ദേവാനന്ദന്‍.

Other News in this category4malayalees Recommends