പുനര്‍വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ; യുവതി പിടിയില്‍

പുനര്‍വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ; യുവതി പിടിയില്‍
പുനര്‍വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍പുറ വീട്ടില്‍ വിജയന്റെ മകള്‍ വി ആര്യ(36) ആണ് അറസ്റ്റിലായത്. യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട യുവതി പ്രലോഭിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. പത്തനംതിട്ട കോയിപ്രം പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

2020 മേയിലാണ് കോയിപ്രം കടപ്ര സ്വദേശി അജിത് പുനര്‍വിവാഹ പരസ്യം നല്‍കിയത്. ഇത് കണ്ട ആര്യ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. സഹോദരിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അജിതിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് അമ്മയുടെ ചികിത്സയ്‌ക്കെന്നു പറഞ്ഞ് ഡിസംബര്‍ വരെ പലതവണയായി പണം തട്ടിയെടുത്തു. 4,15,500രൂപയാണ് ബാങ്ക് വഴി ആര്യ തട്ടിയെടുത്തുത്. കറ്റാനം സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. പണത്തിനു പുറമെ രണ്ട് ഫോണുകളും ആര്യ കൈക്കലാക്കി.

വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായ അജിത് പത്തനംതിട്ട ഡിവൈഎസ്പിക്കു പരാതി നല്‍കി. 2022 ജനുവരി ഒന്നിനാണ് അജിത് പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കോയിപ്രം എസ്‌ഐ രാകേഷ് കുമാര്‍ കേസെടുത്ത് അന്വേഷണം നടത്തി. അന്വേഷണത്തില്‍ ആര്യക്കു സഹോദരിയില്ലെന്നും യുവാവിനെ കബളിപ്പിക്കുയായിരുന്നുവെന്നും തെളിഞ്ഞു. ജില്ലാ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണുകളുടെ വിളികള്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു. പണമിടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു. പ്രതി ആവശ്യപ്പെട്ടത് അനുസരിച്ച് തിരുവല്ലയിലെ മൊബൈല്‍ വാങ്ങിയ കടയിലും, വില്‍ക്കാന്‍ ഏല്‍പ്പിച്ച കായംകുളത്തെ ബേക്കറി ഉടമയെ കണ്ടും അന്വേഷണം നടത്തിയിരുന്നു.

പിന്നാലെ ആര്യയുടെ ഫോണ്‍ ലൊക്കേഷന്‍ അന്വേഷിച്ച പൊലീസിന് പാലക്കാട് കിഴക്കന്‍ചേരിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ ആര്യ കുറ്റം സമ്മതിച്ചു. പ്രതിയുടെ കൈയില്‍ നിന്നും ലഭിച്ച ഫോണ്‍ കബളിപ്പിച്ച് സ്വന്തമാക്കിയതാണെന്ന് കണ്ടെത്തി. അതേസമയം സമാന രീതിയിലള്ള കുറ്റകൃതം പ്രതി നടത്തിയിട്ടുണ്ടോയെന്നും കൂടുതല്‍ പ്രതികളുണ്ടോയെന്നും വിശദമായ അന്വേഷണം നടക്കുകയാണ്.

Other News in this category



4malayalees Recommends