മുന്‍ ചാന്‍സലര്‍ ഋഷി സുനാകിന്റെ പ്രവചനങ്ങള്‍ സത്യമാകുന്നു? ലിസ് ട്രസും, ക്വാസി ക്വാര്‍ട്ടെംഗും ചേര്‍ന്ന് പൗണ്ടിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമ്പോള്‍ മോര്‍ട്ട്‌ഗേജുകള്‍ പിന്‍വലിച്ച് ലെന്‍ഡര്‍മാര്‍; നിങ്ങളെ ബാധിക്കുന്നത് എങ്ങിനെ?

മുന്‍ ചാന്‍സലര്‍ ഋഷി സുനാകിന്റെ പ്രവചനങ്ങള്‍ സത്യമാകുന്നു? ലിസ് ട്രസും, ക്വാസി ക്വാര്‍ട്ടെംഗും ചേര്‍ന്ന് പൗണ്ടിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമ്പോള്‍ മോര്‍ട്ട്‌ഗേജുകള്‍ പിന്‍വലിച്ച് ലെന്‍ഡര്‍മാര്‍; നിങ്ങളെ ബാധിക്കുന്നത് എങ്ങിനെ?

പൗണ്ട് വിപണിയില്‍ തകര്‍ന്നടിഞ്ഞതോടെ യുകെയിലെ സകല മേഖലയിലും ആശങ്ക പടരുകയാണ്. ടാക്‌സ് കട്ടുകള്‍ പ്രഖ്യാപിച്ചതോടെയാണ് കറന്‍സി ഇടിഞ്ഞത്. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്നാണ് അഭ്യൂഹം.


ഈ ഘട്ടത്തില്‍ ലിസ് ട്രസിനോട് പ്രധാനമന്ത്രി പോരാട്ടത്തില്‍ പരാജയപ്പെട്ട മുന്‍ ചാന്‍സലര്‍ ഋഷി സുനാക് നടത്തിയ പ്രവചനങ്ങളാണ് ചര്‍ച്ചയായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ വാക്കുകള്‍ ട്രെന്‍ഡിംഗാണ്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ വിപണികള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്ന അപകടം അവഗണിക്കുന്നത് നിരുത്തരവാദപരമാകുമെന്ന് ആഗസ്റ്റില്‍ സുനാക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

'സ്റ്റെര്‍ലിംഗില്‍ ഒരു നെട്ടോട്ടം ഉണ്ടാകും. ഗില്‍റ്റ്‌സ് വിപണി പൊളിഞ്ഞുവീഴും. ആഗോള നിക്ഷേപകരകര്‍ ഭയപ്പെട്ട് എല്ലാ ബ്രിട്ടീഷ് ആസ്തികളും വിറ്റൊഴിയുമ്പോള്‍ എഫ്ടിഎസ്ഇയും വീഴും. ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഇതിന് വേണ്ടിവരിക. സെപ്റ്റംബര്‍ അവസാനം വരെ സര്‍ക്കാരിന് പൊരുതാന്‍ കഴിയും. എന്നാല്‍ അധികം വൈകാതെ ലിസ് ട്രസിനും, പുതിയ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിനും ഐഎംഎഫിനെ വിളിച്ച് തകരുന്ന സമ്പദ് വ്യവസ്ഥയെ ശരിപ്പെടുത്താന്‍ ആവശ്യപ്പെടേണ്ടി വരും', സുനാക് അന്ന് പറഞ്ഞു.


'ഈ പ്രവചനങ്ങള്‍ നടത്തിയതിന് അന്ന് പരിഹസിച്ചു, പക്ഷെ ഋഷി സുനാകായിരുന്നു ശരിയെന്നാണ് തോന്നുന്നത്', ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു. തനിക്ക് മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്ന് ലിസ് ട്രസിന് അവകാശപ്പെടാന്‍ കഴിയില്ല, മുന്‍ ചാന്‍സലര്‍ ഋഷി സുനാക് ഇക്കാര്യം പറഞ്ഞതാണ്, പണപ്പെരുപ്പത്തിന് പുറത്തുകടക്കാന്‍ കടമെടുക്കല്‍ ഒരു വഴിയല്ലെന്ന് സുനാക് പറഞ്ഞിരുന്നു, മറ്റൊരാള്‍ വിമര്‍ശിച്ചു.

Who is Kwasi Kwarteng? Chancellor's age, career, wife and children | Metro  News

പൗണ്ട് തകരുകയും, കൂടുതല്‍ പലിശ നിരക്ക് വര്‍ദ്ധനയ്ക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറാകുമെന്നും വന്നതോടെ പ്രധാന മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാരായ ഹാലിഫാക്‌സ്, വിര്‍ജിന്‍ മണി, സ്‌കിപ്ടണ്‍ ബില്‍ഡിംഗ് സൊസൈറ്റി തുടങ്ങിയവര്‍ പുതിയ കസ്റ്റമേഴ്‌സിനുള്ള ഡീലുകള്‍ പിന്‍വലിച്ചു കഴിഞ്ഞു.

ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ നികുതി വെട്ടിക്കുറവുകള്‍ക്ക് പിന്നാലെയാണ് പ്രൊഡക്ടുകള്‍ പിന്‍വലിക്കുന്ന ലെന്‍ഡര്‍മാരുടെ പട്ടിക നീളുന്നത്. ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളും പിന്‍വലിക്കുന്നതിനാല്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് ശുഭവാര്‍ത്തയല്ല.


പൗണ്ടിന്റെ മൂല്യം കുറഞ്ഞതോടെ എക്‌സ്‌ചേഞ്ച് ചെയ്യുന്ന പണത്തിന് ലഭിക്കുന്ന ഡോളറിന്റെ എണ്ണം കുറയും. 1 പൗണ്ടിന് 1.05 ഡോളര്‍ എന്നതാണ് നിലവിലെ മൂല്യം. പെട്രോള്‍ വില താഴുമ്പോഴും പമ്പുകളില്‍ ഇത് പ്രതിഫലിക്കാതിരിക്കാന്‍ പൗണ്ടിന്റെ മൂല്യം കുറയുന്നത് ഇടയാക്കും. എണ്ണവില ഡോളറില്‍ കണക്കാക്കുന്നതിനാല്‍ നിരക്ക് കൂടുന്ന അവസ്ഥയിലേക്കാണ് നയിക്കുന്നത്.

വരുന്ന ആഴ്ചകളില്‍ ഇറക്കുമതി ചെയ്യുന്നത് ഇലക്ട്രോണിക്‌സ് മുതല്‍ ഫാഷന്‍ വരെ എല്ലാ ഉത്പന്നങ്ങള്‍ക്കും വില വര്‍ദ്ധിക്കും. എനര്‍ജി ബില്ലുകളുടെയും അവസ്ഥ സമാനമാണ്. എന്നിരുന്നാലും ഭവനങ്ങള്‍ക്ക് ബില്ലുകളിലെ ക്യാപ് ആശ്വാസമാകും.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വീണ്ടും ഉയര്‍ത്താന്‍ തീരുമാനിച്ചാല്‍ ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡ്, മോര്‍ട്ട്‌ഗേജ് തിരിച്ചടവ് എന്നിവയ്ക്ക് ചെലവേറും. അടിയന്തര പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും അടുത്ത രണ്ട് ദിവസം സുപ്രധാനമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

വിപണികള്‍ തകരുകയും, ജനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് നീങ്ങുകയും ചെയ്യുന്നതായി വ്യക്തമായതോടെ പ്രധാനമന്ത്രി ലിസ് ട്രസിനും, ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിനും നേര്‍ക്ക് മുറുമുറുപ്പ് തുടങ്ങിക്കഴിഞ്ഞു. ലേബര്‍ പാര്‍ട്ടി പോളുകളില്‍ മികച്ച മുന്നേറ്റം നടത്തുന്നത് കണ്‍സര്‍വേറ്റീവുകള്‍ക്ക് തിരിച്ചടിയാണ്. ഇതോടെ ഋഷി സുനാകിന്റെ വാക്കുകള്‍ വിശ്വസിച്ചിരുന്നെങ്കിലെന്ന് പല ടോറികളും രഹസ്യമായി പറഞ്ഞുതുടങ്ങിയിട്ടുണ്ട്!


Other News in this category4malayalees Recommends