ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം ; 10,000 ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ പുറത്ത് വിട്ടതായി റിപ്പോര്‍ട്ട് ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നത് ഒഴിവാക്കാന്‍ ഹാക്കര്‍മാര്‍ പണം ആവശ്യപ്പെട്ടതായി സൈബര്‍ സുരക്ഷാ വിദഗ്ധന്‍

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം ; 10,000 ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ പുറത്ത് വിട്ടതായി റിപ്പോര്‍ട്ട് ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നത് ഒഴിവാക്കാന്‍ ഹാക്കര്‍മാര്‍ പണം ആവശ്യപ്പെട്ടതായി സൈബര്‍ സുരക്ഷാ വിദഗ്ധന്‍
ഒപ്റ്റസിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തിന് ശേഷം ഹാക്കര്‍മാര്‍ 10,000 ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ പുറത്ത് വിട്ടതായി വിദഗ്ദ്ധര്‍ കരുതുന്നു.ഉപഭോക്താക്കളുടെ പേരുകള്‍, ജനനത്തീയതി, ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍ എന്നിവ ചോര്‍ന്നിട്ടുണ്ട് എന്ന കാര്യം ഓപ്റ്റസ് വ്യക്തമാക്കിയിരുന്നു.

ചോര്‍ന്നിരിക്കുന്ന വ്യക്തി വിവരങ്ങളില്‍ മെഡികെയര്‍ നമ്പറുകളും ഉള്‍പ്പെടുന്നതായി ഇപ്പോള്‍ മനസ്സിലാക്കുന്നതായി ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒനീല്‍ പറഞ്ഞു. ഇത് കൂടുതല്‍ ആശങ്കയ്ക്ക് വകയൊരുക്കുന്നതായി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നത് ഒഴിവാക്കാന്‍ ഹാക്കര്‍മാര്‍ പണം ആവശ്യപ്പെട്ടിട്ടുള്ളതായി സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ പറഞ്ഞു. പതിനഞ്ച് ലക്ഷം ഡോളര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പേയ്‌മെന്റ് വിവരങ്ങളും അക്കൗണ്ട് പാസ്‌വേര്‍ഡുകളും ചോര്‍ന്നിട്ടില്ല എന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

സൈബര്‍ ആക്രമണം മൂലമുള്ള പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുന്നതായി ക്ലെയര്‍ ഒനീല്‍ വ്യക്തമാക്കി.

ഒരു കോടിയോളം ഓസ്‌ട്രേലിയക്കാരെ ബാധിച്ചിരിക്കുന്ന സൈബര്‍ ആക്രമണം സംബന്ധിച്ച് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഹാക്കര്‍മാരെ കണ്ടെത്തുക, വ്യക്തിവിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നവരുടെ സുരക്ഷ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഒപ്പേറഷന്‍ ഹറികെയ്ന്‍ എന്ന പേരിലുള്ള AFP അന്വേഷണത്തിന് തുടക്കമിട്ടിരിക്കുന്നത്.

എന്നാല്‍ ഇത് വളരെ സങ്കീര്‍ണമായ നടപടിയായിരിക്കുമെന്ന് സൈബര്‍ കമാണ്ടിന്റെ അസ്സിസ്റ്റന്‍ കമീഷണര്‍ ജസ്റ്റിന്‍ ഗോഫ് വ്യക്തമാക്കി.

നിലവിലുള്ള ഉപഭോക്താക്കള്‍ക്കും മുന്‍ ഉപഭോക്താക്കള്‍ക്കും ഒരു വര്‍ഷത്തേക്ക് സൗജന്യ ക്രെഡിറ്റ് മോണിറ്ററിംഗ് ലഭ്യമാക്കുമെന്ന് ഓപ്റ്റസ് വ്യക്തമാക്കി. എക്വിഫാക്‌സ് പ്രൊട്ടക്ട് സബ്‌സ്‌ക്രിപ്ഷനായിരിക്കും ലഭ്യമാക്കുക.

ഓപ്റ്റസിന്റെ നിലവിലുള്ള ഉപഭോക്താക്കളുടെയും മുന്‍ ഉപഭോക്താക്കളുടെയും പേരില്‍ കമ്പനിക്കെതിരെ ക്ലാസ് ആക്ഷന്റെ സാധ്യതകള്‍ പരിശോധിക്കുന്നതായി സ്‌ളേറ്റര്‍ ആന്‍ഡ് ഗോര്‍ഡണ്‍ ലോയേഴ്‌സ് പറഞ്ഞു.

Other News in this category



4malayalees Recommends