ഐശ്വര്യ റായിയുമായി സൗഹൃദത്തിലാകുന്നത് മണിരത്‌നം വിലക്കിയെന്ന് തൃഷ; സെല്‍ഫി വൈറലായതില്‍ സന്തോഷമെന്ന് താരം

ഐശ്വര്യ റായിയുമായി സൗഹൃദത്തിലാകുന്നത് മണിരത്‌നം വിലക്കിയെന്ന് തൃഷ; സെല്‍ഫി വൈറലായതില്‍ സന്തോഷമെന്ന് താരം
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ വലിയ ഹിറ്റായി മാറുമെന്ന പ്രവചനത്തില്‍ വരാനിരിക്കുന്ന മണിരത്‌നം ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. മെഗാ താരങ്ങളുടെ സംഗമം കൂടിയായ സിനിമയുടെ പ്രമോഷന്റെ തിരക്കിലാണ് താരങ്ങള്‍. രണ്ട് ഭാഗമായി ഒരുക്കുന്ന ചിത്രത്തിന് ആധാരമായിരിക്കുന്നത് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലാണ്.

ചിത്രം സെപ്റ്റംബര്‍ 30നാണ് തിയറ്ററുകളില്‍ എത്തുന്നത്. ഐശ്വര്യ റായി ബച്ചന്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നടി തൃഷയാണ് പ്രധാനപ്പെട്ട മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇതിനിടെ രസകരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി തൃഷ. പൊന്നിയിന്‍ സെല്‍വന്‍ ചിത്രീകരണ സമയത്ത് ഐശ്വര്യ റായി ബച്ചനുമായി സൗഹൃദത്തിലാവാന്‍ സംവിധായകന്‍ മണിരത്‌നം അനുവദിച്ചിരുന്നില്ല എന്നാണ് തൃഷ പറയുന്നത്. പ്രമോഷന്റ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

ഈ ചിത്രത്തില്‍ ശത്രുക്കളായിട്ടാണ് ഐശ്വര്യയും തൃഷയും എത്തുന്നത്. ക്യാമറക്ക് മുന്നില്‍ ഞങ്ങള്‍ നല്ല അഭിനേതാക്കളാണെന്ന് തോന്നുന്നു. സെറ്റില്‍ ഭയങ്കര സംസാരവും ബഹളവുമായിരുന്നു. അന്ന് ഞങ്ങളുടെ ഒരു പ്രധാനപ്പെട്ട രംഗം ചിത്രീകരിക്കുകയായിരുന്നു.

'ശ്രദ്ധിക്കൂ, കൂടുതല്‍ സൗഹൃദത്തിലാകരുത്, കാരണം നിങ്ങള്‍ പരസ്പരം ഇഷ്ടപ്പെടാതിരിക്കാന്‍ എനിക്ക് ഇപ്പോള്‍ ആവശ്യമുണ്ട്,' അദ്ദേഹം വളരെ ലൈറ്റായി പറഞ്ഞു. അതിന് ശേഷം ഞങ്ങളെ കാണുമ്പോള്‍ മണി സാര്‍ ചിരിക്കുമായിരുന്നു' എന്നും തൃഷ പറയുന്നു.

സിനിമയില്‍ പൊന്നിയിന്‍ സെല്‍വന്റെ സെറ്റില്‍ നിന്നുള്ള ഐശ്വര്യ റായിക്കൊപ്പമുള്ള വൈറല്‍ സെല്‍ഫിയെ കുറിച്ചും തൃഷ സംസാരിക്കുന്നുണ്ട്. ആറ് ലക്ഷത്തില്‍ അധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചതെന്നും ഇക്കാലത്ത്, എന്താണ് ശരിക്കും വൈറലാകുന്നതെന്നും പെട്ടെന്ന് ട്രെന്‍ഡ് ചെയ്യുന്നതെന്നും എനിക്ക് അറിയില്ലെന്നാണ് താരം പറഞ്ഞത്.

ആ ചിത്രം എല്ലായിടത്തും വൈറലായത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഇങ്ങനെയായിരുന്നെങ്കില്‍ ഒരു പക്ഷെ രണ്ട് വര്‍ഷം മുമ്പ് ഞാന്‍ അത് ചെയ്യുമായിരുന്നുവെന്നാണ് തൃഷയുടെ പ്രതികരണം.

Other News in this category4malayalees Recommends