ധൈര്യം കാണിച്ച റിയ കുമാരിയ്ക്ക് അഭിനന്ദനം ; ഒരു വര്‍ഷത്തേക്ക് പാഡുകള്‍ സൗജന്യം നല്‍കുമെന്ന് ഇന്ത്യന്‍ പാഡ് കമ്പനി

ധൈര്യം കാണിച്ച റിയ കുമാരിയ്ക്ക് അഭിനന്ദനം ; ഒരു വര്‍ഷത്തേക്ക് പാഡുകള്‍ സൗജന്യം നല്‍കുമെന്ന് ഇന്ത്യന്‍ പാഡ് കമ്പനി
സൗജന്യ സാനിറ്ററി പാഡുകള്‍ നല്‍കിക്കൂടെ എന്ന് ചോദിച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥയുടെ രൂക്ഷമായ പരിഹാസം ഏറ്റുവാങ്ങേണ്ടിവന്ന വിദ്യാര്‍ഥിനിക്ക് ഓഫറുമായി ഇന്ത്യന്‍ പാഡ് നിര്‍മാണ കമ്പനി. ഐഎഎസ് ഓഫീസറായ ഹര്‍ജോത് കൗര്‍ ബംമ്രയുടെ മോശം സമീപനം നേരിടേണ്ടി വന്ന വിദ്യാര്‍ഥിനിയായ റിയാ കുമാരിക്ക് ഒരു വര്‍ഷത്തെ പാഡുകള്‍ നല്‍കുമെന്നാണ് പാന്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

'തലമുറകളായി പതിഞ്ഞ ശബ്ദങ്ങളില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു നിഷിദ്ധ വിഷയമായാണ് ആര്‍ത്തവത്തെ കണക്കാക്കപ്പെടുന്നത്. ഇത് മാറേണ്ടതുണ്ട്. ആര്‍ത്തവ കാലത്തെ കുറിച്ച് തുറന്ന ചര്‍ച്ചകള്‍ ആവശ്യപ്പെടണം. പൊതുവേദിയില്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്താനുള്ള റിയ കുമാരിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതായും പാന്‍ ഹെല്‍ത്ത് കെയര്‍ സിഇഒ ചിരാഗ് പാന്‍ പറഞ്ഞു.

വനിതാ ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച 'പെണ്‍മക്കളെ ശാക്തീകരിക്കൂ, ബിഹാറിനെ ഉന്നതിയിലെത്തിക്കൂ' എന്ന പരിപാടിയിലായിരുന്നു സംഭവം. സാനിറ്ററി പാഡുകള്‍ 20 മുതല്‍ 30 വരെ രൂപയ്ക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിയുമോ എന്ന ചോദ്യത്തിനാണ് വനിതാ ശിശുക്ഷേമ കോര്‍പ്പറേഷന്‍ സംസ്ഥാന മേധാവിയായ ബംമ്ര പെണ്‍കുട്ടിയെ അധിക്ഷേപിച്ചത്. 'നാളെ നിങ്ങള്‍ സര്‍ക്കാര്‍ ജീന്‍സ് നല്‍കണമെന്ന് പറയും, അതുകഴിഞ്ഞ് ഷൂസ് നല്‍കണമെന്ന് വഴിയെ സര്‍ക്കാര്‍ കുടുംബാസൂത്രണത്തിനുള്ള ഉപാധി, അതായത് കോണ്ടവും നല്‍കണമെന്ന് നിങ്ങള്‍ പറയും'ഇതായിരുന്നു ഭമ്രയുടെ പ്രതികരണം.

'സാനിറ്ററി പാഡുകളെ കുറിച്ചുളള എന്റെ ചോദ്യം തെറ്റല്ല, എനിക്ക് അത് വാങ്ങാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ പലരും ചേരികളില്‍ താമസിക്കുന്നവരാണ്. അത് താങ്ങാനാവുന്നില്ല. ഞാന്‍ ചോദിച്ചത് എനിക്ക് വേണ്ടി മാത്രമല്ല, എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ്. ഞങ്ങളുടെ ആശങ്ക അറിയിച്ച് പരിഹാരം തേടാനാണ് ഞങ്ങള്‍ അവിടെ പോയത്, വഴക്കുണ്ടാക്കാനല്ല,' എന്നും സംഭവത്തിന് ശേഷം റിയാ കുമാരി വ്യക്തമാക്കിയിരുന്നു.


Other News in this category4malayalees Recommends