കുവൈറ്റ് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ; രണ്ട് വനിതകള്‍ ഉള്‍പ്പെടെ 50 അംഗങ്ങള്‍ സഭയിലേക്ക്

കുവൈറ്റ് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ; രണ്ട് വനിതകള്‍ ഉള്‍പ്പെടെ 50 അംഗങ്ങള്‍ സഭയിലേക്ക്
കുവൈറ്റ് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രണ്ട് വനിതകള്‍ക്ക് വിജയം. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 50 അംഗങ്ങളാണ് പതിനേഴാമത് കുവൈറ്റ് പാര്‍ലമന്റ് തെരഞ്ഞെടുപ്പിലൂടെ സഭയില്‍ എത്തുക. രണ്ടാം മണ്ഡലത്തില്‍ നിന്നുള്ള ആലിയ അല്‍ ഖാലിദും മൂന്നാം മണ്ഡലത്തില്‍ നിന്നുള്ള ജിനാന്‍ അല്‍ ബുഷഹരിയും ആണ് വിജയിച്ച വനിതകള്‍. ഇവരില്‍ ആലിയ അല്‍ ഖാലിദ് പുതുമുഖമാണ്. കഴിഞ്ഞ പാര്‍ലമെന്റില്‍ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. 22 സിറ്റിങ് എംപിമാര്‍ ഇത്തവണ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

രണ്ടാം മണ്ഡലത്തില്‍ നിന്ന് 2365 വോട്ടുകള്‍ നേടി ആലിയ അല്‍ ഖാലിദ് എട്ടാം സ്ഥാനത്ത് എത്തി വിജയം നേടി. മൂന്നാം മണ്ഡലത്തില്‍ നിന്ന് 4321 വോട്ടുകള്‍ നേടി ആറാം സ്ഥാനത്ത് എത്തിയാണു ജിനാന്‍ അല്‍ ബുഷഹരി തെരഞ്ഞെടുക്കപ്പെട്ടത്.

മൂന്നാം മണ്ഡലത്തില്‍ നിന്ന് നിര്‍ദിഷ്ട പാര്‍ലമന്റ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായ അഹമദ് അല്‍ സ' അദൂന്‍ റെക്കോര്‍ഡ് വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്ത് എത്തി. രാജ്യത്ത് ഏറ്റവും അധികം വോട്ടുകള്‍ ലഭിച്ചതും ഇദ്ദേഹത്തിനാണ്. 12246 വോട്ട്. 22 സ്ത്രീകളായിരുന്നു ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഔദ്യോഗിക ഫല പ്രഖ്യാപനം ഇന്ന് കാലത്തോടെ ഉണ്ടാകുമെന്നാണു സൂചന. 50 അംഗ സീറ്റുകളിലേക്ക് 22 വനിതകള്‍ ഉള്‍പ്പെടെ ആകെ 305 സ്ഥാനാര്‍ത്ഥികളാണു ഇത്തവണ ജന വിധി തേടിയത്.ആകെ 795,911 വോട്ടര്‍മാര്‍ക്കാണ് ഇത്തവണ വോട്ടവകാശം ഉണ്ടായിരുന്നു കാലത്ത് 8 മണി മുതല്‍ വൈകീട്ട് എട്ട് മണി വരെയായിരുന്നു വോട്ടിംഗ് സമയം.

ആകെയുള്ള അഞ്ചു മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തില്‍ നിന്നും ഏറ്റവും അധികം വോട്ടുകള്‍ നേടുന്ന പത്ത് സ്ഥാനാര്‍ത്ഥികളെയാണു വിജയികളായി പ്രഖ്യാപിക്കുക. 21 വയസ് പ്രായമായ കുവൈറ്റ് പൗരത്വം ഉള്ളവര്‍ക്കാണ് വോട്ടവകാശം.123 വിദ്യാലയങ്ങളിലാണു പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരുന്നത്. ഇതില്‍ അഞ്ചെണ്ണം ഓരോ മണ്ഡലത്തിലേയും ബൂത്ത് ആസ്ഥാനമായും വോട്ടെണ്ണല്‍ കേന്ദ്രമായും പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളും തെരഞ്ഞെടുപ്പ് നിരീക്ഷകരായി രാജ്യത്ത് എത്തിയിരുന്നു. പലയിടങ്ങളിലും സന്നദ്ധ സേവന സംഘടനകളുടെ നേതൃത്വത്തില്‍ പ്രായമായ വോട്ടര്‍മാരെ സഹായിക്കുവാനും മറ്റുമായി സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.

Other News in this category



4malayalees Recommends