ഓസ്‌ട്രേലിയയില്‍ വീടു വില ഇടിയുന്നു ; സെപ്തംബറില്‍ 1.4 ശതമാനം കുറവ് ; സിഡ്‌നിയില്‍ വിലയില്‍ ഏറ്റവും തകര്‍ച്ച

ഓസ്‌ട്രേലിയയില്‍ വീടു വില ഇടിയുന്നു ; സെപ്തംബറില്‍ 1.4 ശതമാനം കുറവ് ; സിഡ്‌നിയില്‍ വിലയില്‍ ഏറ്റവും തകര്‍ച്ച
കോവിഡ് പ്രതിസന്ധി കാലത്ത് റെക്കോര്‍ഡ് വില വര്‍ദ്ധനവിന് ശേഷം ഓസ്‌ട്രേലിയയില്‍ വീടുവില ഇടിയുകയാണ്. മൂന്നു മാസത്തില്‍ 4.1 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് കോര്‍ ലോജിക്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു മാസത്തില്‍ മാത്രം 1.4 ശതമാനം കുറവാണുണ്ടായിരിക്കുന്നത്.

സിഡ്‌നിയിലാണ് ഇടിവ് ഏറ്റവും രൂക്ഷമാകുന്നത്. ഒറ്റ മാസത്തില്‍ 1.8 ശതമാനവും, മൂന്നു മാസത്തില്‍ 6.1ശതമാനവും വിലക്കുറവാണ് സിഡ്‌നിലെ വീടുകള്‍ നേരിട്ടത്.മെല്‍ബണ്‍, ബ്രിസ്‌ബൈന്‍, ഹോബാര്‍ട്ട് എന്നീ നഗരങ്ങളും സമാനമായ രീതിയില്‍ വിലയിടിവ് നേരിട്ടു. തലസ്ഥാന നഗരങ്ങളിലെ വീടുവിലയിലുണ്ടായ മാറ്റം ഇങ്ങനെയാണ് കോര്‍ ലോജിക് രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രധാന നഗരങ്ങളില്‍ വില കുറഞ്ഞു തുടങ്ങിയപ്പോഴും ഉള്‍നാടന്‍ മേഖലകളിലേക്ക് അത് വ്യാപിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറുകയാണെന്ന് കോര്‍ ലോജിക് വ്യക്തമാക്കി.

1990കളുടെ തുടക്കത്തില്‍ ഓസ്‌ട്രേലിയയിലുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ പോലും ഇത്രയും കനത്ത ഇടിവ് വീടുവിലയില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നാണ് കോര്‍ ലോജിക്കിന്റെ ടിം ലോലെസ് എ ബി സിയോട് പറഞ്ഞത്.നിയന്ത്രണങ്ങള്‍ ശക്തമായിരുന്ന കാലത്ത് ഓസ്‌ട്രേലിയയിലെ വീടുവിലയില്‍ 25.5 ശതമാനം വര്‍ദ്ധനവായിരുന്നു ഉണ്ടായത്.ഇതില്‍ നിന്ന് 5.5 ശതമാനം ഇതിനകം കുറഞ്ഞിട്ടുണ്ട്.

രാജ്യത്തെ ബാങ്കിംഗ് പലിശനിരക്കില്‍ റിസര്‍വ് ബാങ്ക് വരുത്തുന്ന വര്‍ദ്ധനവാണ് വീടുകളുടെ വില കുറയുന്നതിന്റെ പ്രധാന കാരണം. മേയ് മാസത്തിനു ശേഷം അഞ്ചു മാസം കൊണ്ട് 2.25 ശതമാനം വര്‍ദ്ധനവാണ് പലിശ നിരക്കില്‍ വരുത്തിയിട്ടുള്ളത്.നിലവില്‍ 2.35 ശതമാനമാണ് രാജ്യത്തെ അടിസ്ഥാന പലിശനിരക്ക്.ഈ ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് വീണ്ടും പലിശ ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷം പകുതിയോടെ ഇത് നാലു ശതമാനമായി ഉയരുമെന്നാണ് മുന്നറിയിപ്പുകള്‍.

അതേസമയം, വീടുവില കുറയുന്നതിനൊപ്പം വാടക ഉയരുകയുമാണ്. സെപ്റ്റംബറില്‍ 0.6 ശതമാനം വര്‍ദ്ധനവാണ് ദേശീയതലത്തില്‍ വാടകയിലുണ്ടായത്.

തലസ്ഥാനനഗരങ്ങളിലെ വാടകയില്‍ 16.5 ശതമാനത്തിന്റെയും, ഉള്‍നാടന്‍ മേഖലയില്‍ 25.1 ശതമാനത്തിന്റെയും വര്‍ദ്ധനവുണ്ടായി. യൂണിറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 11.8 ശതമാനം വാടക കൂടി. ഇത് റെക്കോര്‍ഡ് വാര്‍ഷിക വര്‍ദ്ധനവാണ്.


Other News in this category4malayalees Recommends