കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ ആഘോഷിച്ചു

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ ആഘോഷിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ ആഘോഷങ്ങള്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ നഗറെന്ന് നാമകരണം ചെയ്ത ജലീബ് ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌ക്കൂള്‍ അങ്കണത്തില്‍ നടന്നു. പ്രഥമ ശ്‌ളൈഹിക സന്ദര്‍ശനത്തിനായി കുവൈറ്റില്‍ എത്തിച്ചേര്‍ന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര സഭയുടെ പരമാദ്ധ്യക്ഷനുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഭദ്രദീപം തെളിയിച്ച് പെരുന്നാള്‍ ചടങ്ങുകള്‍ ഉത്ഘാടനം ചെയ്തു.

കല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ മഹാഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചന്‍ സ്വാഗതവും, ആദ്യഫലപ്പെരുന്നാള്‍2022 ജനറല്‍ കണ്‍വീനര്‍ ബിനു ബെന്ന്യാം നന്ദിയും പ്രകാശിപ്പിച്ചു.

ആഗോളതലത്തിലുള്ള ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് കൂട്ടായ്മയില്‍ ഉള്‍പ്പെടുന്ന അര്‍മേനിയന്‍ സഭയുടെ കുവൈറ്റിലെ പാട്രിയാര്‍ക്കല്‍ വികാരി വെരി റവ. ഫാ. ബെദ്രോസ് മാന്യുലിയന്‍, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കുവൈറ്റിലെ വികാരി ഫാ. ബെര്‍ണബാസ് അബോ, നാഷണല്‍ ഇവഞ്ചലിക്കല്‍ ചര്‍ച്ച് സെക്രട്ടറി റോയ് യോഹന്നാന്‍, കുവൈറ്റ് എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചസ് ഫെല്ലോഷിപ്പ് പ്രസിഡണ്ടും സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിയുമായ ഫാ. ജോണ്‍ ജേക്കബ്, അഹമ്മദി സെന്റ് തോമസ് പഴയപള്ളി വികാരി ഫാ. എബ്രഹാം പി.ജെ., സെന്റ് ബേസില്‍ ഇടവക വികാരി ഫാ. മാത്യൂ എം. മാത്യൂ, ഫാ. ഗീവര്‍ഗീസ് ജോണ്‍, കുവൈറ്റില്‍ ഹൃസ്വസന്ദര്‍ശനത്തിനെത്തിയ ഫാ. പി.കെ. വര്‍ഗീസ്, ഇടവക ട്രഷറാര്‍ സാബു എലിയാസ്, സെക്രട്ടറി ഐസക് വര്‍ഗീസ്, സഭാ മനേജിംഗ് കമ്മിറ്റിയംഗങ്ങളായ തോമസ് കുരുവിള, പോള്‍ വര്‍ഗീസ്, മാത്യൂ കെ. ഇലഞ്ഞിക്കല്‍, ഭദ്രാസന പ്രതിനിധി ദീപക് പണിക്കര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക സുവനീര്‍ കണ്‍വീനര്‍ സിബു അലക്‌സ് ചാക്കോയില്‍ നിന്നും ഏറ്റുവാങ്ങി ഫാ. ബെര്‍ണബാസിനു നല്‍കികൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.

മഹാഇടവകയിലെ സണ്ഡേസ്‌ക്കൂള്‍ കുട്ടികളും, പ്രാര്‍ത്ഥനായോഗങ്ങളും, ആത്മീയ പ്രസ്ഥാനങ്ങളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിമും പ്രശസ്ത പിന്നണിഗായകരുമായ ശ്രീനാഥ്, കൃതിക, കുവൈറ്റിന്റെ സ്വന്തം ടോജന്‍ ടോബി, മഴവില്‍ മനോരമയിലൂടെ പ്രശസ്തയായ രൂത്ത് ടോബി, ക്രിസ്തീയ ഭക്തിഗാന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച റോയ് പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രശസ്ത കീബോര്‍ഡിസ്റ്റ് അനൂപ് കോവളവും ടീമും അണിയിച്ചൊരുക്കിയ സംഗീത സായാഹ്‌നവും കലാഭവന്‍ സതീഷിന്റെ ഹാസ്യവിരുന്നും, ഊട്ടുപുരയും, തട്ടുകടയും, ചായക്കടയും തയ്യാറാക്കിയ നാടന്‍ രുചിഭേദങ്ങള്‍ എന്നിവ ആദ്യഫലപ്പെരുന്നാള്‍ 2022നു വര്‍ണ്ണപ്പൊലിമ ചാര്‍ത്തി.

ആദ്യഫല പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തിലും ഭദ്രാസന മെത്രാപ്പോലീത്തായുടെ സഹകര്‍മ്മികത്വത്തിലും വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ചു. തുടര്‍ന്ന് കാതോലിക്കാ ബാവായ്ക്ക് കുവൈറ്റ് മഹാ ഇടവകയുടെ നേതൃത്വത്തില്‍ താലപ്പൊലിയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വമ്പിച്ച സ്വീകരണം നല്‍കി.


Other News in this category4malayalees Recommends