യുഎസ്സില്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നവര്‍ക്ക് തടവുശിക്ഷ. മിഷിഗണിലെ ഡെമോക്രാറ്റിക് ഗവര്‍ണറായ ഗ്രെച്ചെന്‍ വിറ്റ്‌മെറിനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം പദ്ധതിയിട്ടത്. ജോസഫ് മോറിസണ്‍ (28), ഇയാളുടെ അമ്മായിഅച്ഛന്‍ പീറ്റെ മ്യൂസികോ (44), പോള്‍ ബെല്ലര്‍ (23) എന്നിവരാണ് തോക്കുകള്‍ നിയമം ലംഘിച്ച് കയ്യില്‍ വെക്കുക, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ആയുധങ്ങള്‍ കയ്യില്‍ വയ്ക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

20 വര്‍ഷം ഇവര്‍ തടവില്‍ കഴിയേണ്ടി വരും. ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയതിന് 2020 ഒക്ടോബറില്‍ അറസ്റ്റ് ചെയ്യപ്പെട്ട 13 പേരില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍ മൂന്നുപേരും. വോള്‍വറിന്‍ വാച്ച്‌മെന്‍ എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. കൊവിഡിന്റെ തുടക്കത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് ഇവര്‍ വിറ്റ്‌മെറിനെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതി ഇട്ടത് എന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. വിറ്റ്‌മെറിനെ തോക്കിന്‍മുനയില്‍ നിര്‍ത്താനും രാജ്യദ്രോഹം ആരോപിച്ച് വിചാരണ ചെയ്യാനും സംഘം പദ്ധതി ഇട്ടിരുന്നു. ഇത് രാജ്യത്ത് ഒരു കലാപത്തിനും ആഭ്യന്തരയുദ്ധത്തിനും കാരണമാകും എന്നായിരുന്നു സംഘത്തിന്റെ പ്രതീക്ഷ.
സംഘത്തിന്റെ നേതാവ് ആദം ഫോക്‌സ് എന്ന 39 കാരനെ വിറ്റ്‌മെറിനെ അവരുടെ ഹോളിഡേ ഹോമില്‍ നിന്നും തട്ടിക്കൊണ്ടു പോകാന്‍ പദ്ധതി ഇട്ടതിന് ഈ വര്‍ഷം ആദ്യം തന്നെ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്ന മൂന്നു പേര്‍ക്കും തട്ടിക്കൊണ്ടു പോകാനുള്ള പദ്ധതിയെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് അഭിഭാഷകര്‍ പറയുന്നത്.. 2020 വേനല്‍ക്കാലത്ത് തന്നെ അവര്‍ സംഘവുമായി പിരിഞ്ഞിരുന്നു എന്നാണ്.
സംഘം ഗവര്‍ണറെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതി ഇട്ടിരുന്നതായി പ്രോസിക്യൂട്ടര്‍ നിരീക്ഷിച്ചു. ഡിസംബര്‍ 15 ന് ശിക്ഷയ്ക്കായി കാത്തിരിക്കുന്നതിനിടെ തന്നെ ജഡ്ജി തോമസ് വില്‍സണ്‍ മൂന്ന് പേരെയും ജയിലിലടക്കാനുത്തരവിട്ടു. ഇതോടെ ഗവര്‍ണറെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതി ഇട്ട കേസില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം അഞ്ച് ആയിരിക്കുകയാണ്.