പോളണ്ട് അതിര്‍ത്തിയില്‍ മിസൈല്‍ വിക്ഷേപിച്ചത് റഷ്യയാകാന്‍ സാധ്യതയില്ലെന്ന് ജോ ബൈഡന്‍ ; അടിയന്തര യോഗം വിളിച്ച് പോളണ്ടിന് പിന്തുണയറിയിച്ചു ; പോളണ്ടിന്റെ അന്വേഷണത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് യുഎസ്

പോളണ്ട് അതിര്‍ത്തിയില്‍ മിസൈല്‍ വിക്ഷേപിച്ചത് റഷ്യയാകാന്‍ സാധ്യതയില്ലെന്ന് ജോ ബൈഡന്‍ ; അടിയന്തര യോഗം വിളിച്ച് പോളണ്ടിന് പിന്തുണയറിയിച്ചു ; പോളണ്ടിന്റെ അന്വേഷണത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് യുഎസ്
പോളണ്ടിലെ മിസൈല്‍ ആക്രമണത്തില്‍ നിലപാടുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പോളണ്ട് അതിര്‍ത്തിയില്‍ മിസൈല്‍ വിക്ഷേപിച്ചത് റഷ്യയാകാന്‍ സാധ്യതയില്ലെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു. പോളണ്ടിന്റെ അതിര്‍ത്തി മേഖലയില്‍ പതിച്ച മിസൈല്‍ റഷ്യന്‍ മിസൈലിനെ പ്രതിരോധിക്കാന്‍ യുക്രൈന്‍ തൊടുത്തുവിട്ടതാണെന്ന് മൂന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

സ്‌ഫോടനത്തിനു പിന്നില്‍ യുക്രൈന്റെ വ്യോമ പ്രതിരോധമാകാം എന്ന സൂചനയും അമേരിക്ക നാറ്റോയോട് പങ്കുവച്ചെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. നാറ്റോ തങ്ങളുടെ പ്രദേശങ്ങളുടെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്ന് പെന്റഗണിന്റെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാട്രിക് റൈഡര്‍ പറഞ്ഞു. നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിന് മുമ്പ് സംഭവം അന്വേഷിക്കേണ്ടതുണ്ടെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക് അഭിപ്രായപ്പെട്ടിരുന്നു. യുക്രൈന്‍, പോളിഷ് അധികാരികള്‍ മിസൈല്‍ റഷ്യന്‍ നിര്‍മ്മിതമാണെന്ന് അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് ബൈഡന്‍ അഭിപ്രായപ്പെട്ടത്.

റഷ്യന്‍ മിസൈല്‍ പോളണ്ടില്‍ പതിച്ച സംഭവത്തില്‍ ജി7 രാജ്യങ്ങളുടെയും നാറ്റോയുടെയും അടിയന്തര യോഗം വിളിച്ച് സംസാരിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പോളണ്ടില്‍ റഷ്യന്‍ മിസൈല്‍ പതിച്ചതിനെ അതീവ ഗൗരവമായാണ് യുഎസ് കാണുന്നത്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന ജി7, നാറ്റോ സംഖ്യങ്ങളിലെ നേതാക്കന്മാര്‍ ഇന്തോനേഷ്യയിലെ ഹോട്ടലിലാണ് അടിയന്തര യോഗം വിളിച്ച് ചേര്‍ത്തത്. കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, യുകെ, സ്‌പെയിന്‍ തുടങ്ങി നാറ്റോ സംഖ്യരാജ്യങ്ങളിലെ പ്രമുഖരടക്കമുള്ള ലോക നേതാക്കള്‍ ബൈഡന്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തു. യുക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന പോളണ്ടിന്റെ കിഴക്കന്‍ മേഖലയിലാണ് മിസൈല്‍ വന്ന് പതിക്കുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തത്.

ജി20 ഉച്ച കോടിയില്‍ പങ്കെടുക്കാന്‍ ഇന്തോനേഷ്യയില്‍ എത്തിയ യുഎസ് പ്രസിഡണ്ട് ജോ ബൈഡനെ അര്‍ദ്ധരാത്രിയിലാണ് പോളണ്ടില്‍ റഷ്യന്‍ മിസൈല്‍ പതിച്ചെന്ന റിപ്പോര്‍ട്ട് അറിയിച്ചത്. സംഭവത്തില്‍ പോളണ്ട് നടത്തുന്ന അന്വേഷണത്തിന് യുഎസ് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും ബൈഡന്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends