ലഹരി വില്‍പ്പന തടഞ്ഞതിനെ തുടര്‍ന്ന് തലശേരിയില്‍ ഇരട്ടക്കൊലപാതകം: മൂന്ന് പേര്‍ കസ്റ്റഡിയില്‍, പ്രധാന പ്രതി പാറായി ബാബു ഒളിവില്‍

ലഹരി വില്‍പ്പന തടഞ്ഞതിനെ തുടര്‍ന്ന് തലശേരിയില്‍ ഇരട്ടക്കൊലപാതകം: മൂന്ന് പേര്‍ കസ്റ്റഡിയില്‍, പ്രധാന പ്രതി പാറായി ബാബു ഒളിവില്‍
തലശേരിയില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ രണ്ടു പേര്‍ കുത്തേറ്റു മരിച്ച കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. തലശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതി പാറായി ബാബുവിനായി ഊര്‍ജിതമായ തിരച്ചിലാണ് നടക്കുന്നത്.

തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ് (52), സഹോദരീഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ച് അംഗവുമായ നെട്ടൂര്‍ പൂവനാഴി വീട്ടില്‍ ഷമീര്‍ (40) എന്നിവരാണു മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്ത് നിട്ടൂര്‍ സാറാസ് വീട്ടില്‍ ഷാനിബിനെ (29) തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെന്ററിനടുത്തുവച്ചാണ് മൂവര്‍ക്കും കുത്തേല്‍ക്കുന്നത്. ബാബുവും ജാക്‌സണുമാണ് കുത്തിയതെന്നാണ് ഖാലിദിന്റെ മരണ മൊഴി. കൊലപാതകം ലഹരി വില്‍പന തടഞ്ഞതിനുള്ള വിരോധ മൂലമെന്ന് പൊലീസ് പറയുന്നു.

ലഹരിവില്പന ചോദ്യംചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ (20) ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് വച്ച് ആക്രമിച്ചിരുന്നു. പരിക്കേറ്റ ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേന എത്തിയ ലഹരിമാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നു.
Other News in this category4malayalees Recommends