അഫ്ഗാനിസ്ഥാനില്‍ മൂന്ന് സ്ത്രീകളടക്കം പന്ത്രണ്ട് പേരെ പരസ്യമായി ചാട്ടവാറിനടിച്ച് താലിബാന്. അഫ്ഗാനിസ്ഥാനിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ആളുകള്‍ നോക്കി നില്‍ക്കെയാണ് താലിബാന് ഇവരുടെ ശിക്ഷ നടപ്പിലാക്കിയത്.
വ്യഭിചാരം, കവര്‍ച്ച, സ്വവര്‍ഗ്ഗ ലൈംഗികത എന്നിവ അടക്കമുള്ള 'ധാര്‍മ്മിക കുറ്റകൃത്യങ്ങള്‍' ചെയ്തതായി ആരോപിച്ചാണ് പന്ത്രണ്ട് പേരെയും പരസ്യമായി ചാട്ടവാറിനടിച്ചത്. ബിബിസി യുടെ റിപ്പോര്‍ട്ട് പ്രകാരം ഈ മാസം തന്നെ ഇത് രണ്ടാമത്തെ തവണയാണ് താലിബാന് അഫ്ഗാനിസ്ഥാനില്‍ പരസ്യമായ ശിക്ഷ നടപ്പിലാക്കുന്നത്. ഇതോടെ 1990 കളിലെ ഭരണകാലത്തിലേക്ക് തന്നെ താലിബാന് തിരികെ പോവുകയാണ് എന്ന ആശങ്ക വീണ്ടും ജനങ്ങളില്‍ അടിയുറക്കുകയാണ്.
മൂന്ന് സ്ത്രീകളെയും ശിക്ഷിച്ച ശേഷം മോചിപ്പിച്ചു എന്നും ചില പുരുഷന്മാരെ ജയിലില്‍ അടച്ചു എന്നും അഫ്ഗാനിസ്ഥാനിലെ ലോഗര്‍ മേഖലയിലെ താലിബാന് വക്താവ് ഒമര്‍ മന്‍സൂര്‍ മുജാഹിദ് പറഞ്ഞു. എന്നാല്‍, എത്ര പുരുഷന്മാരെയാണ് ജയിലില്‍ അടച്ചിരിക്കുന്നത് എന്നത് വ്യക്തമാക്കിയിട്ടില്ല. ഇരുപത്തിയൊന്നിനും മുപ്പത്തിയൊമ്പതിനും ഇടയില്‍ അടിയാണ് ഓരോ സ്ത്രീക്കും പുരുഷനും നല്‍കിയത്. 39 അടിയായിരുന്നു ഏറ്റവും കൂടുതല്‍ എന്നും താലിബാന് വ്യക്തമാക്കി.