പൊലീസിന് നേരിടാന്‍ ബുദ്ധിമുട്ടുള്ള ക്രിമിനലുകളെ നേരിടാന്‍ റോബോട്ട് ; ജീവന്‍ അപകടത്തിലായേക്കാവുന്ന സാഹചര്യത്തില്‍ ക്രിമിനലുകളെ ഇല്ലാതാക്കാനും റോബോട്ടിനെ ആശ്രയിക്കാന്‍ സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ്

പൊലീസിന് നേരിടാന്‍ ബുദ്ധിമുട്ടുള്ള ക്രിമിനലുകളെ നേരിടാന്‍ റോബോട്ട് ; ജീവന്‍ അപകടത്തിലായേക്കാവുന്ന സാഹചര്യത്തില്‍ ക്രിമിനലുകളെ ഇല്ലാതാക്കാനും റോബോട്ടിനെ ആശ്രയിക്കാന്‍ സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ്
റോബോട്ടിക്‌സ് എന്‍ജിനീയറിങ് വളര്‍ച്ചയുടെ പടവിലാണ്. ഇതിനോടകം തന്നെ നിരവധി മേഖലകളില്‍ മനുഷ്യന്റെ അധ്വാനത്തെ ലഘൂകരിക്കാന്‍ റോബോട്ടുകളുടെ സഹായം നടപ്പിലാക്കി കഴിഞ്ഞു. ഇത്തരത്തില്‍ ഭക്ഷണം വിളമ്പുന്ന റോബോട്ടുകളെ കുറിച്ചും സാധനങ്ങള്‍ അടുക്കി വയ്ക്കുന്ന റോബോട്ടുകളെ കുറിച്ചും ദൈനംദിന പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്ന റോബോട്ടുകളെ കുറിച്ചും ഒക്കെ നമുക്കറിയാം.

എന്നാല്‍, ഇതില്‍ നിന്നെല്ലാം ഒരു പടി കൂടി കടന്ന് മനുഷ്യനെ കൊല്ലാനുള്ള അനുവാദം കൂടി റോബോട്ടുകള്‍ക്ക് നല്‍കാന്‍ ഒരുങ്ങുകയാണ്. സാന്‍ ഫ്രാന്‍സിസ്‌കോ പൊലീസ് ആണ് ഇത്തരത്തില്‍ റോബോട്ടുകള്‍ക്ക് കുറ്റവാളികളെ കൊല്ലാനുള്ള അനുവാദം നല്‍കുന്ന നിര്‍ണായക തീരുമാനം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത പ്രതികളെ ചില പ്രത്യേക സാഹചര്യങ്ങളില്‍ കൊല്ലാനുള്ള അനുവാദം റോബോട്ടുകള്‍ക്ക് നല്‍കാനാണ് സാന്‍ ഫ്രാന്‍സിസ്‌കോ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്ദേശിക്കുന്നത്. കുറ്റവാളികളുമായുള്ള ഏറ്റുമുട്ടലില്‍ പൊതുജനങ്ങള്‍ക്കും പൊലീസിനും ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ റോബോട്ടുകളെയും സേനയുടെ ഭാഗമാക്കുന്നത്. ഈ പ്രത്യേക അധികാരം കൂടി റോബോട്ടുകള്‍ക്ക് നല്‍കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിനായി നവംബര്‍ 29 ന് ഒരു സൂക്ഷ്മ പരിശോധനയും വോട്ടിങ്ങും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിലവില്‍ സാന്‍ ഫ്രാന്‍സിസ്‌കോ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇതിനകം 17 റോബോട്ടുകള്‍ ഉണ്ട്. അതില്‍ ഒരു ഡസന്‍ ഇപ്പോള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നുണ്ട്. ബോംബ് ഭീഷണി നേരിടുന്നതിനോ പൊലീസിന് കഴിയാത്ത സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നതിനോ ഈ യന്ത്രങ്ങള്‍ ഇതുവരെ ഉപയോഗിച്ചിരുന്നു. ഈ റോബോട്ടുകള്‍ മാരകമായ ശക്തി പ്രയോഗിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് പ്രത്യേക പദ്ധതിയൊന്നുമില്ലെന്ന് പൊലീസ് വക്താവ് റോബര്‍ട്ട് റുയേകയെ ഉദ്ധരിച്ച് മിഷന്‍ ഡിസ്ട്രിക്റ്റ് ആസ്ഥാനമായുള്ള മീഡിയ ഔട്ട്‌ലെറ്റ് മിഷന്‍ ലോക്കല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ആവശ്യമായ സാഹചര്യങ്ങള്‍ വന്നാല്‍ അത്തരത്തിലും ഇവയെ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

Other News in this category4malayalees Recommends