ഏഴ് ദിവസത്തിനകം വീട് ഒഴിയണം, ഇല്ലെങ്കില്‍ ഒഴിപ്പിക്കും; എസ്. രാജേന്ദ്രന് ദേവികുളം സബ് കളക്ടറുടെ നോട്ടീസ്

ഏഴ് ദിവസത്തിനകം വീട് ഒഴിയണം, ഇല്ലെങ്കില്‍ ഒഴിപ്പിക്കും; എസ്. രാജേന്ദ്രന് ദേവികുളം സബ് കളക്ടറുടെ നോട്ടീസ്
ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനോട് വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ നോട്ടീസ് നല്‍കി. രാജേന്ദ്രന്‍ താമസിക്കുന്ന മൂന്നാര്‍ ഇക്കാനഗറിലെ ഏഴ് സെന്റ് ഭൂമി പുറമ്പോക്കായതിനാല്‍ ഏഴ് ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ദേവികുളം സബ് കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം വില്ലേജ് ഓഫീസറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒഴിഞ്ഞു പോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കും എന്നാണ് നോട്ടീസില്‍ പറയുന്നത്. ബലമായി ഒഴിപ്പിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദേവികുളം രാഹുല്‍ ആര്‍. ശര്‍മ ഇടുക്കി എസ്പിക്ക് കത്തും നല്‍കിയിട്ടുണ്ട്.

ഇക്കാനഗറിലെ 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്റേതാണെന്നാണു ബോര്‍ഡ് അവകാശപ്പെടുന്നത്. ഭൂമി പതിച്ചുനല്‍കണമെന്ന ആവശ്യവുമായി ഇക്കാനഗര്‍ സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇദ്ദേഹം ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് കോടതി കണ്ടെത്തിയതോടെ മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭൂരേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇക്കാനഗറിലെ 60 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നോട്ടിസ് നല്‍കിയിരുന്നു.

നോട്ടിസിനു പിന്നില്‍ എം.എം.മണി എംഎല്‍എയാണെന്ന് രാജേന്ദ്രന്‍ ആരോപിച്ചു. എം.എം.മണിയുടെ നേതൃത്വത്തില്‍ എന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഒഴിപ്പിക്കല്‍ നോട്ടിസ്. മൂന്നാറില്‍നിന്ന് എന്നെ ഓടിക്കണമെന്ന് ഒരു മാസം മുന്‍പ് എം.എം.മണി പൊതുവേദിയില്‍ ആഹ്വാനം ചെയ്തിരുന്നു. എന്നെയും കുഞ്ഞുങ്ങളെയും വഴിയിലിറക്കിവിടാനാണു മണിയും കൂട്ടരും റവന്യു വകുപ്പിനെ കൂട്ടുപിടിച്ച് നോട്ടിസ് നല്‍കിയിരിക്കുന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും എസ്.രാജേന്ദ്രന്‍ പറഞ്ഞു.

Other News in this category



4malayalees Recommends