ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയില്‍ വന്‍ പ്രതിഷേധം ; ബിഷപ്പ് ആന്‍ഡ്രൂ താഴത്തിനെ തടഞ്ഞു

ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയില്‍ വന്‍ പ്രതിഷേധം ; ബിഷപ്പ് ആന്‍ഡ്രൂ താഴത്തിനെ തടഞ്ഞു
ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയില്‍ വന്‍ പ്രതിഷേധം. കുര്‍ബാന അര്‍പ്പിക്കാന്‍ വേണ്ടി എത്തിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നില്‍ വിമതര്‍ തടഞ്ഞ് തിരിച്ചയച്ചു. ആറു മണിയോടെ കൊച്ചി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കക്ക് എത്തിയ ബിഷപ്പിനെ ഗേറ്റ് പൂട്ടിയാണ് തടഞ്ഞത്.

മാര്‍ ആന്‍ഡ്രൂസ് താഴത്ത് എത്തിയതോടെ കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ പ്രതിഷേധിച്ചു. അനുകൂലിക്കുന്ന വിഭാഗം അദ്ദേഹത്തെ കയ്യടികളോടെയാണ് സ്വീകരിച്ചത്. പ്രതിഷേധക്കാര്‍ ഗേറ്റ് പൂട്ടിയതോടെ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കടത്തി വിടാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തി.

ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ അദ്ദേഹത്തെ കയറ്റിവിടണമെന്ന് ആവശ്യവും ഉന്നിയിച്ചതോടെയാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം

വന്‍ പൊലീസ് സംഘം ഇവിടെയുണ്ടായിരുന്നെങ്കിലും ബിഷപ്പിനെ അകത്തേക്ക് കടത്തിവിടാനായില്ല. ബസിലിക്കക്ക് അകത്ത് വിമതപക്ഷം തമ്പടിച്ചിരിക്കുകയാണ്. ഏകീകൃത കുര്‍ബാനക്ക് ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് ഇവര്‍. പ്രതിഷേധങ്ങള്‍ക്കിടെ ബസിലിക്കയില്‍ വിമതപക്ഷം ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചു.

ബിഷപ്പിന് സുരക്ഷയൊരുക്കാന്‍ ഔദ്യോഗിക പക്ഷവും പുറത്തെത്തിയെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിഷപ്പ് പിന്‍മാറുകയായിരുന്നു. വന്‍ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends