കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ ; സോഷ്യല്‍മീഡിയ നിരീക്ഷണം ശക്തമാക്കി

കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍  ; സോഷ്യല്‍മീഡിയ നിരീക്ഷണം ശക്തമാക്കി
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെയുള്ള പ്രതിഷേധം അടിച്ചമര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ നിരവധി നഗരങ്ങളില്‍ ഉയര്‍ന്ന് വരുന്നത് എന്നതിനാല്‍ സോഷ്യല്‍ മീഡിയ നിരീക്ഷണവും, നിയന്ത്രണവും ചൈനീസ് സര്‍ക്കാര്‍ ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചൈനീസ് സര്‍ക്കാരിന്റെ സീറോകോവിഡ് നയമാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തിനിടയാക്കിയത്. അപ്രതീക്ഷിതവും നീണ്ടതുമായ അടച്ചിടലുകള്‍. വിരലിലെണ്ണാവുന്ന കേസുകള്‍ക്ക് വേണ്ടി നടത്തുന്ന കൂട്ട പരിശോധന രീതിയും ഒക്കെ വലിയ ബുദ്ധിമുട്ടും രോഷവും ചൈനയില്‍ ഉണ്ടാക്കിയെന്നാണ് വിവരം.

വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംഖിയില്‍ വ്യാഴാഴ്ചയുണ്ടായ തീപിടിത്തം പൊതുജന രോഷം കൂടാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പത്തോളം പേര്‍ മരിച്ച അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായത് കോവിഡ് ലോക്ക്ഡൗണാണ് എന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം ചൈനീസ് അധികൃതര്‍ നിഷേധിക്കുന്നു.

തീപിടുത്തത്തിന് ശേഷം നൂറുകണക്കിന് ആളുകള്‍ ഉറുംഖിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറത്ത് തടിച്ചുകൂടി, 'ലോക്ക്ഡൗണുകള്‍ പിന്‍വലിക്കൂ!' എന്നത് അടക്കം സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യങ്ങള്‍ മുഴക്കി. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് മറ്റു നഗരങ്ങളിലേക്ക് പ്രക്ഷോഭം പടര്‍ന്നത്.

ഞായറാഴ്ച രാത്രി തലസ്ഥാനമായ ബെയ്ജിംഗിലെ ഒരു നദിയുടെ തീരത്ത് മണിക്കൂറുകളോളം 400 പേരെങ്കിലും ഒത്തുകൂടി മുദ്രവാക്യങ്ങള്‍ വിളിച്ചെന്നാണ് റിപ്പോര്‍ട്ട്.

Other News in this category4malayalees Recommends