കെ കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തു ; തുഷാര്‍ മൂന്നാം പ്രതി

കെ കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തു ; തുഷാര്‍ മൂന്നാം പ്രതി
എസ്എന്‍ഡിപി യോഗം കാണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാരാരിക്കുളം പൊലീസാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. മാനേജര്‍ കെ എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഗൂഢാലോചന, ആത്മഹത്യാ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആലപ്പുഴ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് എടുത്തത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കെ കെ മഹേശനെ പ്രതിയാക്കിയതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. പ്രതികള്‍ കെ കെ മഹേശനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും എഫ്‌ഐആറിലുണ്ട്.

വെള്ളാപ്പള്ളി നടേശനടക്കം മൂന്നുപേരെ പ്രതിചേര്‍ക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. മഹേശന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി. മഹേശന്റെ ആത്മഹത്യക്കുറിപ്പില്‍ വെള്ളാപ്പള്ളി അടക്കമുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. 2020 ജൂണ്‍ നാലിനായിരുന്നു മഹേശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസിന്റെ ചുമരില്‍ ഒട്ടിച്ചുവെച്ച നിലയിലായിരുന്നു ആത്മഹത്യക്കുറിപ്പ്.

Other News in this category4malayalees Recommends