കടയില്‍ നിന്ന് പണം മോഷ്ടിച്ചതിന് പൊലീസുകാരനെ കൈയ്യോടെ പിടികൂടിയ സംഭവം ; സേനയ്ക്ക് നാണക്കേടുണ്ടാക്കി, സസ്‌പെന്‍ഷന്‍

കടയില്‍ നിന്ന് പണം മോഷ്ടിച്ചതിന് പൊലീസുകാരനെ കൈയ്യോടെ പിടികൂടിയ സംഭവം ; സേനയ്ക്ക് നാണക്കേടുണ്ടാക്കി, സസ്‌പെന്‍ഷന്‍
കടയില്‍ നിന്ന് പണം മോഷ്ടിച്ചുവെന്ന പരാതിയെ തുടര്‍ന്ന് സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. പീരുമേട് പൊലീസ് സ്റ്റേഷനിലെ സിപിഒ സാഗര്‍ പി മധുവിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനും ഉത്തരവുണ്ട്. പാമ്പനാര്‍ ടൗണിലെ കടയില്‍ നിന്നാണ് പൊലീസുകാരന്‍ പണമെടുക്കാന്‍ ശ്രമിച്ചത്. പണം നഷ്ടപ്പെടുന്നത് പതിവായതോടെ കടയുടമ കടയിലെത്തുന്നവരെയെല്ലാം രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പതിവുപോലെ കടയിലെത്തിയ പൊലീസുകാരന്‍ ആയിരം രൂപ മോഷ്ടിക്കാന്‍ ശ്രമിച്ചു. കടയുടമ ഇയാളെ പിടിച്ചുനിര്‍ത്തി അടുത്തുള്ള വ്യാപാരികളെ വിളിച്ചുകൂട്ടുകയായിരുന്നു. ആളുകള്‍ കൂടിയതോടെ 40,000 രൂപ നല്‍കാമെന്ന് പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. 5,000 രൂപ നല്‍കുകയും ചെയ്തു.

മുന്‍പ് കടയില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു. അന്ന് മുതലാണ് പൊലീസുകാരന്‍ കടയില്‍ സ്ഥിരമായി എത്താന്‍ തുടങ്ങിയത്. കടയിലെത്തിയ പൊലീസുകാരന്‍ നാരങ്ങാവെള്ളം എടുക്കാന്‍ ആവശ്യപ്പെട്ടു. കടയുടമ ഇതെടുക്കാന്‍ തിരിഞ്ഞ സമയത്താണ് പൊലീസുകാരന്‍ പതിവുപോലെ പണപ്പെട്ടിയില്‍ നിന്ന് പണം കവരാന്‍ ശ്രമിച്ചത്. സ്ഥലത്തെത്തിയവരില്‍ ചിലര്‍ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. പെരിയാറില്‍ ശബരിമല മെസ്സിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലായിരുന്ന സാഗറിനെ ഇടുക്കി എ ആര്‍ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. പൊലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് നടപടി. അതേസമയം കടയുടമ പരാതി നല്‍കാത്തതിനാല്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ല.

Other News in this category4malayalees Recommends