ഇന്ത്യ ഓസ്‌ട്രേലിയ വ്യാപാര കരാര്‍ ഡിസംബര്‍ 29ന് പ്രാബല്യത്തില്‍ വരും ; പല ഉത്പന്നങ്ങളുടേയും തീരുവ ഒഴിവാക്കുന്നു

ഇന്ത്യ ഓസ്‌ട്രേലിയ വ്യാപാര കരാര്‍ ഡിസംബര്‍ 29ന് പ്രാബല്യത്തില്‍ വരും ; പല ഉത്പന്നങ്ങളുടേയും തീരുവ ഒഴിവാക്കുന്നു
ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുകയാണ്. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന് പിന്നാലെ ഇന്ത്യന്‍ സര്‍ക്കാരും നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഡിസംബര്‍ 29 മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. ജനുവരി 1 ന് നികുതി ഇളവിന്റെ രണ്ടാം ഘട്ടം ആരംഭിക്കും.

കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ 85% ഓസ്‌ട്രേലിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യയില്‍ ഇറക്കുമതി തീരുവ ഇല്ലാതാകും. കമ്പിളി, പരുത്തി, സമുദ്രോത്പന്നങ്ങള്‍, മാംസോല്‍പ്പന്നങ്ങള്‍, പരിപ്പ്, അവോക്കാഡോ എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഒഴിവാക്കും.ഉയര്‍ന്ന നികുതി ഈടാക്കുന്ന 5% ഉല്‍പ്പന്നങ്ങളുടെ തീരുവയില്‍ ഘട്ടം ഘട്ടമായി കുറവ് വരുത്തുമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്.ഇന്ത്യയില്‍ നിന്നുള്ള സേവനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും തീരുവയില്‍ ഓസ്‌ട്രേലിയയും ഇളവ് നല്‍കും.ഇന്ത്യയുമായുള്ള ഓസ്‌ട്രേലിയയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള അടുത്ത ഘട്ടമാണ് സ്വതന്ത്ര വ്യാപാര കരാറെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസി പറഞ്ഞു

കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ലഭ്യമാകുന്ന നികുതി ഇളവിലൂടെ മാത്രം ഓസ്‌ട്രേലിയന്‍ കയറ്റുമതിക്കാര്‍ക്ക് പ്രതിവര്‍ഷം 2 ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷ. മാത്രമല്ല ഇറക്കുമതി ചെയ്യുന്ന ചരക്കുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും പ്രതിവര്‍ഷം 500 ബില്യണ്‍ ഡോളര്‍ ലാഭിക്കാനും സാധിക്കും.

പുതിയ വര്‍ഷത്തിനുമുമ്പ് കരാര്‍ പ്രാബല്യത്തില്‍ വരുന്നതിലൂടെ താരിഫിലുണ്ടാകുന്ന ഇളവുകള്‍ ഓസ്‌ട്രേലിയയ്ക്ക് പ്രയോജനം ചെയ്യുമെന്ന് വാണിജ്യ മന്ത്രി ഡോണ്‍ ഫാരെല്‍ പറഞ്ഞു.

Other News in this category



4malayalees Recommends