മുന്‍പരിചയം പോലുമില്ലാത്ത ഏഷ്യന്‍ വംശജയായ 67 കാരിയെ 125 തവണ ഇടിച്ചു, ന്യൂയോര്‍ക്ക് സ്വദേശിക്ക് 17 വര്‍ഷം തടവു ശിക്ഷയുമായി കോടതി

മുന്‍പരിചയം പോലുമില്ലാത്ത ഏഷ്യന്‍ വംശജയായ 67 കാരിയെ 125 തവണ ഇടിച്ചു, ന്യൂയോര്‍ക്ക് സ്വദേശിക്ക് 17 വര്‍ഷം തടവു ശിക്ഷയുമായി കോടതി
67 വയസുള്ള ഏഷ്യന്‍ വനിതയെ 125 തവണ മര്‍ദ്ദിച്ച യുവാവിന് 17 വര്‍ഷം തടവ് ശിക്ഷ. കഴിഞ്ഞ മാര്‍ച്ച് മാസം നടന്ന വിദ്വേഷ ആക്രമണത്തില്‍ ന്യൂയോര്‍ക്ക് സ്വദേശിയായ 42കാരനായ തമ്മല്‍ എസ്‌കോയ്ക്കാണ് 17 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്. തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം 5 വര്‍ഷം ഇയാള്‍ കോടതി നിരീക്ഷണത്തില്‍ കഴിയണമെന്നും ശിക്ഷാ വിധി വിശദമാക്കുന്നു. ചൊവ്വാഴ്ചയാണ് വെസ്റ്റ്‌ചെസ്റ്റര്‍ കോടതി ഇയാള്‍ക്ക് തടവ് ശിക്ഷ വിധിച്ചത്. ഫിലിപ്പൈന്‍ സ്വദേശിയായ വനിതയെ അസഭ്യം പറഞ്ഞ ശേഷമാണ് ക്രൂരമായ മര്‍ദ്ദനം നടന്നത്.

തലച്ചോറിനുള്ളില്‍ രക്തസ്രാവവും മുഖത്ത് ഗുരുതര ഒടിവുകളുമാണ് 67 കാരിക്ക് വിദ്വേഷ ആക്രമണത്തിനിടയില്‍ സംഭവിച്ചത്. വിചാരണയ്ക്കിടെ കഴിഞ്ഞ സെപ്തംബറില്‍ തമ്മല്‍ എസ്‌കോ കുറ്റസമ്മതം നടത്തിയിരുന്നു. ഇരയാകേണ്ടി വന്ന സ്ത്രീയെ മാത്രമല്ല അവരുടെ കുടുംബത്തിനും അവര്‍ ഉള്‍പ്പെടുന്ന ജനവിഭാഗത്തിനും പേടിപ്പെടുത്തുന്ന അനുഭവമാണ് ക്രൂരമായ ആക്രമണത്തിലൂടെ ഉണ്ടായതെന്ന് ജഡ്ജി മിരിയം ഇ റോകാച്ച് വിധി പ്രസ്താവത്തിന് ശേഷം പ്രതികരിച്ചു. മാര്‍ച്ച് 11ന് തന്റെ അപാര്‍ട്ട്‌മെന്റിലേക്ക് പോവുകയായിരുന്ന സ്ത്രീയെയാണ് എസ്‌കോ ആക്രമിച്ചത്. ഇടിച്ച് നിലത്തിട്ട ശേഷവും ഇയാള്‍ സ്ത്രീയെ ഇടിക്കുന്നത് തുടരുകയായിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങളഅ! സിസിടിവിയില്‍ പതിഞ്ഞിരുന്നു.

തലയിലേറ്റ ആദ്യ ഇടിയില്‍ തന്നെ നിലത്ത് വീണെങ്കിലും നൂറിലധികം തവണയാണ് എസ്‌കോ സ്ത്രീയെ ഇടിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. മര്‍ദ്ദനത്തിന് പിന്നാലെ ശരീരത്തില്‍ ചവിട്ടുകയും തുപ്പുകയും ചെയ്ത ശേഷമാണ് ഇയാള്‍ ആക്രമണം അവസാനിപ്പിച്ചത്. ആക്രമണം നടന്ന അതേദിവസം തന്നെ എസ്‌കോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് മുതല്‍ ജാമ്യമില്ലാതെ കസ്റ്റഡിയില്‍ തന്നെ തുടരുകയായിരുന്നു ഇയാള്‍.

യാതൊരു പ്രകോപനവും കൂടാതെ ഒരു മുന്‍പരിചയവും ഇല്ലാതുള്ള സ്ത്രീയെയാണ് ഇയാള്‍ ആക്രമിച്ചത്.

Other News in this category4malayalees Recommends