വിവാഹ സല്‍ക്കാര ചടങ്ങിനിടെ വേദിയില്‍ വച്ച് വരന്‍ പരസ്യമായി ചുംബിച്ചു ; വധു ബന്ധം ഉപേക്ഷിച്ചു

വിവാഹ സല്‍ക്കാര ചടങ്ങിനിടെ വേദിയില്‍ വച്ച് വരന്‍ പരസ്യമായി ചുംബിച്ചു ; വധു ബന്ധം ഉപേക്ഷിച്ചു
വിവാഹ സല്‍ക്കാര ചടങ്ങില്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് തന്നെ ചുംബിച്ച വരനെതിരെ പരാതി നല്‍കി വധു. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് സംഭവം. നവംബര്‍ 26നായിരുന്നു ഇരുവരുടെയും വിവാഹം. നംവബര്‍ 28ന് പവാസ ഗ്രാമത്തില്‍ വെച്ച് ഒരു വിവാഹ സല്‍ക്കാര ചടങ്ങും നടത്തിയിരുന്നു. വേദിയില്‍ ഇരിക്കുമ്പോഴാണ് വരന്‍ വധുവിനെ ചുംബിച്ചത്. 300ഓളം അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇത് വധുവിന് ഒട്ടും രസിച്ചില്ല. മാത്രവുമല്ല, അവള്‍ വേദിയില്‍ നിന്നിറങ്ങി മുറിയിലേക്ക് പോകുകയും ചെയ്തു.

വീട്ടുകാര്‍ അവളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും വധു വിട്ടുകൊടുത്തില്ല. തനിക്ക് വരന്റെ കൂടെ ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്നും തന്റെ വീട്ടില്‍ തന്നെ തുടരാനാണ് തീരുമാനം എന്നുമായിരുന്നു വധു പരാതിയില്‍ പറഞ്ഞത്. വരന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെന്നും 300 ആളുകളുടെ മുമ്പില്‍ വെച്ച് ഇത്തരമൊരു കാര്യം ചെയ്തയാള്‍ എങ്ങനെ മാറാനാണെന്നും വധുവിന്റെ പരാതിയില്‍ പറയുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വരനെതിരെ നടപടിയെടുക്കണമെന്ന് വധു ആവശ്യപ്പെട്ടത്.

എന്നാല്‍, വരന്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. താനും വധുവും തമ്മില്‍ ഒരു ബെറ്റ് വെച്ചിരുന്നുവെന്ന് വരന്‍ പറഞ്ഞു. വേദിയില്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് തന്നെ ചുംബിച്ചാല്‍ 1500 രൂപ നല്‍കാമെന്നായിരുന്നു ബെറ്റ്. വരന്‍ ഈ ബെറ്റില്‍ പരാജയപ്പെട്ടാല്‍ വധുവിന് 3000 രൂപ നല്‍കണം. എന്നാല്‍, ഇങ്ങനെയൊരു കാര്യം ഇതിനു പിന്നില്‍ ഉണ്ടായിരുന്നോ എന്ന് പൊലീസ് വധുവിനോട് ചോദിച്ചപ്പോള്‍ യുവതി അതും നിഷേധിച്ചു. പെണ്‍കുട്ടി ആലോചിച്ച ശേഷം തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ബന്ധുക്കള്‍.

Other News in this category4malayalees Recommends