മുതലാളിക്കെതിരെ കേസ് നല്കി ജീവനക്കാരന്. അയര്‍ലന്റിലെ ഡബ്ലിനിലുള്ള സ്ഥാപനത്തിലെ ഫിനാന്‍സ് മാനേജരായ ഡെര്‍മോട്ട് അലസ്റ്റര്‍ മില്‍സ് എന്നയാളാണ് മേലധികാരിക്കെതിരെ കേസ് നല്‍കുന്നത്. സ്ഥാപനത്തില്‍ നിന്ന് പ്രതിവര്‍ഷം 1.03 കോടി രൂപയാണ് മില്‍സിന് പ്രതിഫലമായി ലഭിക്കുന്നത്. കമ്പനിയിലെ ക്രമരഹിതമായ ഇടപാടുകള്‍ കണ്ടെത്തി പുറത്തുവിട്ടതോടെ മേലാധികാരി തന്നെ 'ജോലി ചെയ്യിപ്പിക്കാതെ' മാറ്റിനിര്‍ത്തുന്നുവെന്നാണ് മില്‍സിന്റെ പരാതി.
ഓഫീസിലെത്തിയാല്‍ തനിക്ക് യാതൊരു പണിയുമില്ല. പത്രം വായിച്ചും സഹപ്രവര്‍ത്തകരോട് സംസാരിച്ചും ഭക്ഷണം കഴിച്ചും സമയം കളയുകയാണ്. വെറുതെയിരുത്തി കമ്പനി തന്റെ കഴിവുകള്‍ ഉപയോഗിക്കാതാക്കുന്നുവെന്നും മില്‍സിന്റെ പരാതിയില്‍ പറയുന്നു. ആഴ്ച്ചയില്‍ രണ്ട് ദിവസം ഓഫീസിലും മൂന്ന് ദിവസം വീട്ടിലുമായാണ് മില്‍സിന്റെ ജോലി.
ജോലി സമയത്തെ തന്റെ പ്രവര്‍ത്തനത്തെ കുറിച്ച് മില്‍സ് പറയുന്നത് ഇങ്ങനെ, 'രാവിലെ പത്ത് മണിക്ക് ഓഫീസിലെത്തും. രണ്ട് പത്രവും ഒരു സാന്‍വിച്ചും വാങ്ങും. ക്യാബിനില്‍ കയറി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യും. മെയില്‍ ഓപ്പണ്‍ ചെയ്തു നോക്കും. ജോലി സംബന്ധമായ ഒരു മെയിലും വന്നിട്ടുണ്ടാകില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് അല്പം നടക്കും. മൂന്ന് മണിയോടെ ഓഫീസില്‍ തിരിച്ചെത്തും. തുടര്‍ന്നും ഒന്നും ചെയ്യാനില്ലെങ്കില്‍ വീട്ടിലേക്ക് മടങ്ങും'. മില്‍സിന്റെ പരാതി പരിഗണിച്ച വര്‍ക്ക്പ്ലേസ് റിലേഷന്‍സ് കമ്മീഷന് ഫെബ്രുവരിയില്‍ വീണ്ടും വാദം കേള്‍ക്കും.