കുഞ്ഞ് ജനിച്ചിട്ട് 27 ദിവസംമാത്രം: തര്‍ക്കത്തില്‍ ഭാര്യവീട് അടിച്ചുതകര്‍ത്ത് യുവാവും കൂട്ടരും

കുഞ്ഞ് ജനിച്ചിട്ട് 27 ദിവസംമാത്രം: തര്‍ക്കത്തില്‍ ഭാര്യവീട് അടിച്ചുതകര്‍ത്ത് യുവാവും കൂട്ടരും
കുമാരനല്ലൂരില്‍ സ്ത്രീധന തര്‍ക്കത്തില്‍ ഭര്‍ത്താവും കൂട്ടരും ചേര്‍ന്ന് യുവതിയുടെ വീട് അടിച്ചു തകര്‍ത്തതായി പരാതി. പ്രസവം കഴിഞ്ഞിട്ട് 27 ദിവസം മാത്രം ആയപ്പോഴാണ് ഭര്‍ത്താവ് ഗുണ്ടാസംഘത്തിനൊപ്പം വന്ന് വീട് ആക്രമിച്ചതെന്നാണ് ആരോപണം. തിരുവല്ല മുത്തൂര്‍ സ്വദേശി സന്തോഷും കൂട്ടരുമാണ് വീട് അടിച്ചുതകര്‍ത്തത്.

വീട്ടിലെത്തി അസഭ്യം വിളിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം. സന്തോഷ് ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി 12 ഓടെയാണ് സംഭവം. കുമാരനല്ലൂര്‍ പുതുക്കുളങ്ങര വീട്ടില്‍ വിജയകുമാരി അമ്മയുടെ ഉടമസ്ഥതയിലുള്ള വീട് ആക്രമിച്ചത്.

ഒരു വര്‍ഷം മുന്‍പാണ് വിജയകുമാരിയുടെ മകളും സന്തോഷും വിവാഹിതരായത്. 35 പവന്‍ സ്ത്രീധനമായി നല്‍കിയെങ്കിലും കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ഗര്‍ഭിണിയായ യുവതി കുമാരനല്ലൂരിലെ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തുകയായിരുന്നു എന്നാണ് യുവതിയുടെ വീട്ടുകാരുടെ വാദം.

Other News in this category4malayalees Recommends