കോടികള്‍ വിലയുള്ള ബെന്‍സ് ഉള്‍പ്പടെ 70 വാഹനം സ്വന്തം; 34 കോടി രൂപയുടെ ആസ്തി ; വെടിയേറ്റ് മരിച്ച ആരോഗ്യമന്ത്രി വിപുലമായ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ

കോടികള്‍ വിലയുള്ള ബെന്‍സ് ഉള്‍പ്പടെ 70 വാഹനം സ്വന്തം; 34 കോടി രൂപയുടെ ആസ്തി ; വെടിയേറ്റ് മരിച്ച ആരോഗ്യമന്ത്രി വിപുലമായ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ

ഒഡീഷയില്‍ വെടിയേറ്റ് മരിച്ച ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് വിപുലമായ ബിസിനസ് സാമ്രാജ്യത്തിന് ഉടമയെന്ന് റിപ്പോര്‍ട്ട്. എംഎല്‍എമാരില്‍ അതിസമ്പന്നന്‍ കൂടിയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച കണക്ക് പ്രകാരം 34 കോടി രൂപയാണ് ആസ്തി. കൂടാതെ കോടി വിലയുള്ള ബെന്‍സ് ഉള്‍പ്പടെ 70ഓളം വാഹനങ്ങളും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്.


നിയമ ബിരുദധാരിയായ നബ കിഷോര്‍, ഝര്‍സുഗുഡ, സുന്ദര്‍ഗഢ്, സമ്പല്‍പുര്‍ ഖനിമേഖലയെ നിയന്ത്രിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് ബിസിനസിന്റെ ഉടമ കൂടിയാണ്. മകന്‍ വിശാല്‍ ബിസിനസിലും മകള്‍ ദിപാലി രാഷ്ട്രീയത്തിലും പിന്‍ഗാമികളാണ്. വിവിധ ക്ഷേത്രങ്ങളിലേയ്ക്ക് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണകുംഭങ്ങള്‍ അടക്കം സമര്‍പ്പിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഡബിള്‍ ബാരല്‍ ഗണ്ണും റൈഫിളും റിവോള്‍വറും നബ കിഷോര്‍ ദാസിന്റെ പക്കലുണ്ട്.

ഭുവനേശ്വറിലും കൊല്‍ക്കത്തയിലും ഡല്‍ഹിയിലും ഝര്‍സുഗുഡയിലും നബ കിഷോറിനു വസ്തുവകകളുണ്ട്. ജന്മനാടായ ഝാര്‍സുഗുഡ നിയമസഭാ മണ്ഡലത്തില്‍നിന്നു മൂന്നു തവണ എംഎല്‍എയായ നബ കിഷോര്‍, 2019 ജനുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജു ജനതാദളില്‍ (ബിജെഡി) അംഗത്വം എടുത്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഝാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറില്‍ ഗാന്ധി ചൗക്കിന് സമീപം പൊതുപരിപാടിക്കിടെയാണ് നബ കിഷോറിനു നെഞ്ചില്‍ വെടിയേറ്റത്. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മന്ത്രി മരണത്തിന് കീഴടങ്ങിയത്. ഗാന്ധി ചൗക്ക് പൊലീസ് ഔട്ട്‌പോസ്റ്റിലെ എഎസ്‌ഐ ഗോപാല്‍ ദാസാണ് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചത്.




Other News in this category



4malayalees Recommends