മെല്‍ബണില്‍ ഇന്ത്യന്‍ ദേശീയ പതാകയുമായി ഒത്തുകൂടിയവര്‍ക്ക് നേരെ ഖലിസ്ഥാനി അനുകൂല ഗ്രൂപ്പുകള്‍ നടത്തിയ അക്രമണത്തില്‍ അഞ്ച് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
'ഖലിസ്ഥാനി ഗുണ്ടകള്‍ മെല്‍ബണിലെ ഫെഡറേഷന്‍ സ്‌ക്വയറില്‍ അക്രമം നടത്തുന്ന പുതിയ വീഡിയോ' എന്ന തലക്കെട്ടോടെ ഓസ്‌ട്രേലിയ ടുഡേയാണ് വീഡിയോ പുറത്തുവിട്ടത്. അക്രമികള്‍ വാള്‍ വീശാന്‍ തുടങ്ങിയതോടെ രക്ഷപ്പെടാനായി ജനങ്ങള്‍ ചിതറിയോടുന്നത് വീഡിയോയില്‍ കാണാം.
ഇന്ത്യന്‍ പതാക കൈയില്‍ പിടിച്ച ഒരാളെ ഖലിസ്ഥാനി അനുകൂലികള്‍ ഓടിച്ചിടുന്ന വീഡിയോ ഹിന്ദു ഹ്യൂമന്‍ റൈറ്റ് ഓസ്‌ട്രേലേഷ്യ ഡയറക്ടര്‍ സാറാ എല്‍ ഗേറ്റ്‌സും പുറത്തുവിട്ടു. ഖലിസ്ഥാനികള്‍ പ്രചരിപ്പിക്കുന്ന ഈ വീഡിയോയില്‍ കാണുന്ന സംഭവങ്ങളില്‍ ഓസ്‌ട്രേലിയ ഫെഡറല്‍ പോലീസ് കണ്ണടയ്ക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഗേറ്റ്‌സ് ട്വീറ്റ് ചെയ്തു.
ഖലിസ്ഥാനികളുടെ അക്രമത്തില്‍ പ്രതിഷേധിച്ച് ഒത്തുകൂടുമെന്ന് ഇന്ത്യക്കാര്‍ വിക്ടോറിയ പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവങ്ങളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി വിക്ടോറിയ പോലീസ് വ്യക്തമാക്കി. മെല്‍ബണില്‍ ഏതാനും ആഴ്ചകളായി ക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമം നടത്തിയതിന് ശേഷമാണ് ഇന്ത്യന്‍ വംശജരെ ലക്ഷ്യമിടുന്നത്.