ഇന്ത്യന്‍ പര്യടനത്തിന് എത്തുന്ന ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായ മാര്‍നസ് ലാബുഷാംഗെയുടെ ട്വീറ്റ് ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമാണ്. പര്യടത്തിന് ഇറങ്ങുന്ന താരം തന്റെ കിറ്റില്‍ നിരവധി പാക്കറ്റ് കാപ്പിപ്പൊടി എടുത്ത് വെച്ചിരിക്കുന്ന ചിത്രമാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
പാറ്റ് കുമ്മിന്‍സ് നയിക്കുന്ന ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായ മാര്‍നസ് ലാബുഷാങ്കെയാണ് തന്റെ തയ്യാറെടുപ്പുകളെ കുറിച്ച് ആരാധകര്‍ക്ക് വിവരം നല്‍കിയത്. എന്നാല്‍ ഇത് ഇന്ത്യന്‍ ടീമിനെ പരിഹസിക്കുകയാണെന്ന് പലരും സംശയം പ്രകടിപ്പിച്ചു. ഇതോടെ തമാശ മറുപടിയുമായി ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് രംഗത്തെത്തി.
'ഏതാനും കിലോ കോഫി ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നു. എത്ര ബാഗുണ്ടെന്ന് ഊഹിക്കാമോ?' എന്നായിരുന്നു ലാബുഷാംഗെയുടെ ട്വീറ്റ്. 'നിങ്ങള്‍ക്ക് ഇന്ത്യയിലും മഹത്തായ കാപ്പി ലഭിക്കുമെന്നായിരുന്നു' കാര്‍ത്തിക് മറുപടി നല്‍കിയത്.
ലാബുഷാംഗെ ഏതോ കാപ്പിപ്പൊടി ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുന്നതാണെന്നും, അതല്ല നാട്ടില്‍ നിന്നും യാത്ര ചെയ്യുന്നതിന്റെ ഹോം സിക്ക്‌നസ് മൂലമാണെന്നുമൊക്കെ ആരാധകര്‍ മറുപടി നല്‍കുന്നുണ്ട്.
ഫെബ്രുവരി 9-നാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് തുടക്കമാകുന്നത്. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഇതില്‍ പ്രധാനം. 2020-21 സീസണില്‍ 2-1ന് മുന്നിലെത്തി ഇന്ത്യയാണ് ചാമ്പ്യന്‍മാരായത്.