വികസിത രാജ്യങ്ങളിലെ മോശം പ്രകടനം; 2023-ല്‍ യുകെ സമ്പദ് വ്യവസ്ഥയുടെ പ്രകടനം 'ദുരന്തമായി' മാറുമെന്ന് പ്രവചിച്ച് ഐഎംഎഫ്; സമ്പദ്ഘടന വളരുന്നതിന് പകരം 0.6% ചുരുങ്ങും; പല 'മുന്‍' പ്രവചനങ്ങളും കാറ്റില്‍പ്പറന്നതായി ഓര്‍മ്മിപ്പിച്ച് ചാന്‍സലര്‍

വികസിത രാജ്യങ്ങളിലെ മോശം പ്രകടനം; 2023-ല്‍ യുകെ സമ്പദ് വ്യവസ്ഥയുടെ പ്രകടനം 'ദുരന്തമായി' മാറുമെന്ന് പ്രവചിച്ച് ഐഎംഎഫ്; സമ്പദ്ഘടന വളരുന്നതിന് പകരം 0.6% ചുരുങ്ങും; പല 'മുന്‍' പ്രവചനങ്ങളും കാറ്റില്‍പ്പറന്നതായി ഓര്‍മ്മിപ്പിച്ച് ചാന്‍സലര്‍

ലോകത്തിലെ വികസിത രാജ്യങ്ങളില്‍ വെച്ച് 2023-ല്‍ സമ്പദ് വ്യവസ്ഥ ചുരുങ്ങുകയും, മോശം പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്യുന്ന രാജ്യമായി ബ്രിട്ടന്‍ മാറുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ കുടുംബങ്ങളെ സാരമായി ബാധിക്കുന്നതിനിടെയാണ് യുകെയുടെ സമ്പദ് ഘടന ചുരുങ്ങുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കുന്നത്.


മുന്‍ പ്രവചനങ്ങള്‍ അനുസരിച്ച് ചെറിയ തോതില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നതിന് പകരം 2023-ല്‍ സമ്പദ് വ്യവസ്ഥ 0.6% ചുരുങ്ങുമെന്നാണ് ഐഎംഎഫ് വ്യക്തമാക്കുന്നത്. യുകെയിലെ ഉയര്‍ന്ന എനര്‍ജി നിരക്കുകളും, ഉയര്‍ന്ന പണപ്പെരുപ്പം പോലുള്ള സാമ്പത്തിക അവസ്ഥകളുടെയും പ്രതിഫലനമാണ് പ്രവചനങ്ങളെന്ന് അവര്‍ പറയുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത്തരം നിരവധി പ്രവചനങ്ങളെ യുകെ മറികടന്നതായി ചാന്‍സലര്‍ ജെറമി ഹണ്ട് വ്യക്തമാക്കി. ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് അപ്‌ഡേറ്റ് പ്രകാരം യുകെയുടെ ജിഡിപി ഈ വര്‍ഷം 0.3% ചുരുങ്ങും. ലോകത്തിലെ വികസിത രാജ്യങ്ങളില്‍ വെച്ച് ജിഡിപി ഇടിയുന്ന ഏക പ്രധാന സമ്പദ് വ്യവസ്ഥ യുകെയുടേതാകുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.

അതേസമയം 2024-ല്‍ യുകെയുടെ വളര്‍ച്ച 0.9 ശതമാനത്തിലേക്ക് കുതിച്ചുയരുമെന്നും ഐഎംഎഫ് പറയുന്നു. സ്പ്രിംഗ് ബജറ്റില്‍ നികുതികള്‍ വെട്ടിക്കുറയ്ക്കാന്‍ സാധ്യത കുറവാണെന്ന് ജെറമി ഹണ്ട് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഐഎംഎഫിന്റെ പ്രവചനങ്ങള്‍. നികുതി കുറച്ച് വിപണിയെ ഉത്തേജിപ്പിക്കാന്‍ പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ സമ്മര്‍ദം നേരിടുന്നുണ്ടെങ്കിലും നിലവില്‍ പണപ്പെരുപ്പം പകുതിയാക്കി കുറയ്ക്കുന്നതാണ് ഏറ്റവും മികച്ച ടാക്‌സ് കട്ടെന്നാണ് ചാന്‍സലറുടെ നിലപാട്.
Other News in this category



4malayalees Recommends