'ശമ്പളം വേണ്ട, വിമാനയാത്ര നിരക്ക് കുറവുള്ള ക്ലാസുകളില്‍ മതി'; സര്‍ക്കാരിന് കത്തയച്ച് കെ.വി തോമസ്

'ശമ്പളം വേണ്ട, വിമാനയാത്ര നിരക്ക് കുറവുള്ള ക്ലാസുകളില്‍ മതി'; സര്‍ക്കാരിന് കത്തയച്ച് കെ.വി തോമസ്
ന്യൂഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ശമ്പളം വേണ്ടെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കി. ശമ്പളത്തിന് പകരം ഓണറേറിയം അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.

നിരക്ക് കുറവുള്ള ക്ലാസുകളില്‍ വിമാനയാത്ര മതിയെന്ന് കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കെ.വി തോമസ് പറഞ്ഞു. കത്ത് പരിശോധനയ്ക്കായി ധനകാര്യ വകുപ്പിന് കൈമാറി.

ധനകാര്യ വകുപ്പാണ് ജീവനക്കാരുടെ എണ്ണവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിച്ച ശേഷമാകും വിഷയത്തില്‍ അന്തിമ തീരുമാനം.

ജനുവരി 18 ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് കെ.വി തോമസിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ തീരുമാനിക്കുന്നത്. ക്യാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം.

ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ രണ്ടാം പ്രതിനിധിയാണ് കെ.വി തോമസ്. നിലവില്‍ നയതന്ത്ര വിദഗ്ധന്‍ വേണു രാജാമണി ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി പദവിയിലുണ്ട്.

Other News in this category



4malayalees Recommends