മകളുടെ മാമോദീസാ ചടങ്ങ് തീരുമാനിക്കാനുള്ള യാത്രയിലുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗൂഡല്ലൂരില്‍ നിന്നും പാടുന്തറയിലെ ഭാര്യാവീട്ടിലേക്ക് പോവുന്നതിനിടെ സ്‌കൂട്ടര്‍ റോഡിലെ ഹമ്പില്‍ വെച്ച് അപകടത്തിപ്പെടുകയായിരുന്നു. വയനാട് നിരവില്‍പ്പുഴ തൊണ്ടനാട് മക്കിയാട്ടെ പൊര്‍ളോം നെല്ലേരി കിഴക്കേകുടിയില്‍ ബേബിയുടെയും ജെസ്സിയുടെയും മകന്‍ ജിബിനാണ് മരിച്ചത്. 28 വയസായിരുന്നു.
ഗൂഡല്ലൂരിന് സമീപം പാടുന്തറയില്‍ മാത്തുക്കുട്ടി എസ്റ്റേറ്റിന് സമീപം ബസ്സ്‌റ്റോപ്പില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ സഹോദരന്‍ ജോബിന്‍ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മകള്‍ ജനിച്ചിട്ട് 80 ദിവസം മാത്രമാണ് ആയത്. കുട്ടിയുടെ മാമോദീസച്ചടങ്ങുകള്‍ തീരുമാനിക്കാനാണ് ജിബിന്‍ സഹോദരനോടൊപ്പം പാടുന്തറ ചക്കിച്ചിവയലിലെ ഭാര്യവീട്ടിലേക്കുള്ള യാത്രയാണ് അവസാന യാത്രയായത്.
ഞായറാഴ്ച രാത്രി പത്തുമണിയോടെ ഹമ്പില്‍നിന്ന് വീണ ബൈക്കിന്റെ പിന്നിലിരിക്കുകയായിരുന്ന ജിബിന്‍ റോഡില്‍ തെറിച്ചുവീണ് തലയിടിച്ചാണ് മരിച്ചത്. യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടാത്ത രീതിയിലാണ് ഹമ്പ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് നാട്ടുകാരും ആരോപിച്ചു. ഭാര്യ: പുനിത മേരി. സഹോദരന്‍ ജോഷിന്‍.