കുട്ടിയൊക്കെ അവിടെ ഇരിക്കട്ടെ, ആദ്യം വിമാനം പിടിക്കാം! ചെറിയ കുഞ്ഞിന് ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ച് ദമ്പതികള്‍; റയാന്‍എയര്‍ വിമാനത്തില്‍ കയറാനായി കുഞ്ഞിനെ വിമാനത്താവളത്തില്‍ 'ഉപേക്ഷിച്ച' ദമ്പതികളെ അറസ്റ്റ് ചെയ്തു

കുട്ടിയൊക്കെ അവിടെ ഇരിക്കട്ടെ, ആദ്യം വിമാനം പിടിക്കാം! ചെറിയ കുഞ്ഞിന് ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ച് ദമ്പതികള്‍; റയാന്‍എയര്‍ വിമാനത്തില്‍ കയറാനായി കുഞ്ഞിനെ വിമാനത്താവളത്തില്‍ 'ഉപേക്ഷിച്ച' ദമ്പതികളെ അറസ്റ്റ് ചെയ്തു

വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ലഗേജില്‍ കയറ്റാന്‍ കഴിയാത്ത വസ്തുവകകള്‍ ഉണ്ടെങ്കില്‍ ഇത് ഉപേക്ഷിക്കുന്ന പതിവുണ്ട്. ബാഗേജിന് ഭാരം കൂടിയാലും ഇത്തരം അനുഭവങ്ങള്‍ സ്വാഭാവികം. എന്നാല്‍ വിമാനത്തില്‍ കയറാനായി സ്വന്തം കുഞ്ഞിനെ വിമാനത്താവളത്തില്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ വാര്‍ത്ത അത്ര സാധാരണമല്ല!


ചെറിയ കുഞ്ഞിന് ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ച മാതാപിതാക്കളാണ് കുഞ്ഞിനെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് റയാന്‍എയര്‍ വിമാനത്തില്‍ കയറാനായി ശ്രമിച്ചത്. ഇസ്രയേലിലെ ടെല്‍ അവീവിലുള്ള ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലാണ് സംഭവം. കുഞ്ഞിനെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചും വിമാനത്തില്‍ കയറാന്‍ തയ്യാറായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ബെല്‍ജിയന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവരാണ് രണ്ട് പേരുമെന്നാണ് റിപ്പോര്‍ട്ട്. ടെല്‍ അവീവില്‍ നിന്നും ബ്രസല്‍സിലേക്കുള്ള റയാന്‍എയര്‍ വിമാനത്തില്‍ കയറാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ ഇവരുടെ കുഞ്ഞിന് ടിക്കറ്റ് എടുത്തിരുന്നില്ല.

ടിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് നിരാകരിച്ച ദമ്പതികള്‍ കുഞ്ഞിനെ സ്‌ട്രോളറില്‍ തന്നെ ഉപേക്ഷിച്ച് പാസ്‌പോര്‍ട്ട് കണ്‍ട്രോളിലേക്ക് നടന്നുപോകുകയായിരുന്നു. ഇത് ശ്രദ്ധിച്ച എയര്‍പോര്‍ട്ട് ജീവനക്കാര്‍ പോലീസിനെ വിവരം അറിയിച്ചു.

പോലീസ് സ്ഥലത്തെത്തി രക്ഷിതാക്കളെ അറസ്റ്റ് ചെയ്തു. 'ഇത്തരമൊരു സംഭവം ഇതുവരെ കണ്ടിട്ടില്ല. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി, വിശ്വസിക്കാന്‍ തന്നെ കഴിഞ്ഞില്ല', റയാന്‍എയര്‍ ഡെസ്‌ക് മാനേജര്‍ പറഞ്ഞു. എന്നാല്‍ വൈകിയെത്തിയ ദമ്പതികള്‍ സുരക്ഷാ പരിശോധനയ്ക്കായി കുഞ്ഞിനെ ഇട്ടിട്ട് പോയതാണെന്നാണ് ഇസ്രയേല്‍ എയര്‍പോര്‍ട്ട് അതോറിറ്റി വിശദീകരണം.
Other News in this category



4malayalees Recommends