'പ്രാര്‍ഥനാ സമയത്ത് ഇന്ത്യയില്‍ പോലും ഭക്തര്‍ കൊല്ലപ്പെടില്ല'; വിവാദ പരാമര്‍ശവുമായി പാക് മന്ത്രി

'പ്രാര്‍ഥനാ സമയത്ത് ഇന്ത്യയില്‍ പോലും ഭക്തര്‍ കൊല്ലപ്പെടില്ല'; വിവാദ പരാമര്‍ശവുമായി പാക് മന്ത്രി
പാകിസ്ഥാനിലെ പെഷാവാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ വിവാദ പരാമര്‍ശവുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയില്‍ പോലും പ്രാര്‍ഥനാ സമയത്ത് ആളുകള്‍ കൊല്ലപ്പെടില്ലെന്നാണ് മന്ത്രിയുടെ പരാമര്‍ശം. ഡോണ്‍ ദിനപത്രമാണ് മന്ത്രിയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്. 'ഇന്ത്യയിലും ഇസ്രായേലിലും പോലും പ്രാര്‍ഥനാ സമയത്ത് ആളുകള്‍ കൊല്ലപ്പെടില്ല. എന്നാല്‍ പാകിസ്ഥാനില്‍ സംഭവിച്ചു. ഭീകരവാദത്തിനെതിരെ രാജ്യം ഒരുമിക്കണം. പരിഷ്‌കരണത്തിനുള്ള സമയായി' ദേശീയ അസംബ്ലിയില്‍ ഖ്വാജ ആസിഫ് പറഞ്ഞു.

ഭീകരതക്കെതിരെയുള്ള യുദ്ധം പിപിപിയുടെ കാലത്ത് സ്വാത്തില്‍ നിന്നാണ് ആരംഭിച്ചത്. പിഎംഎല്‍എന്നിന്റെ മുന്‍ ഭരണകാലത്ത് ഇത് അവസാനിച്ചു. കറാച്ചി മുതല്‍ സ്വാത് വരെ രാജ്യത്ത് സമാധാനം സ്ഥാപിക്കപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് ഭീകരാവാദം സംബന്ധിച്ച് രണ്ടോ മൂന്നോ തവണ ബ്രീഫിംഗ് നല്‍കിയിരുന്നു. ഭീകരവാദത്തിനെതിരെ ചര്‍ച്ചകള്‍ നടത്താമെന്ന് വ്യക്തമായി പറഞ്ഞിരുന്നെന്നും മന്ത്രി പറഞ്ഞു.

അഫ്ഗാനില്‍നിന്ന് ആളുകള്‍ പാകിസ്ഥാനിലേക്ക് കുടിയേറിയതോടെ ജോലിയില്ലാതെ ആളുകള്‍ സ്ഥലംവിട്ടു. സ്വാത്തിലുണ്ടായ സമരം ഇതിനുദാഹരണമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഭീകരാക്രമണത്തില്‍ ഇന്ത്യ അപലപിച്ചിരുന്നു. പെഷാവാറില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. നിരവധി പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനെ ഞെട്ടിച്ച് പെഷവാറിലെ അതീവ സുരക്ഷാ മേഖലക്കുള്ളിലെ സുന്നി പള്ളിയില്‍ ചാവേര്‍ സ്‌ഫോടനമുണ്ടായത്. ഇതുവരെ നൂറോളം പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാനില്‍ സമീപകാലത്തെ ഏറ്റവും വലിയ ഭീകരാക്രമണമാണ് പെഷവാറിലുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന്‍ രംഗത്തെത്തിയിരുന്നു.

Other News in this category



4malayalees Recommends